പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന പുതിയ പെന്‍ഷന്‍ പദ്ധതികൊണ്ടുവരുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ഡിഎ കുടിശികയുടെ ഒരുഗഡു ഏപ്രില്‍മാസത്തെ ശമ്പളത്തിനൊപ്പം നല്‍കും. സ്വകാര്യസര്‍വകലാശാലകളും വിദേശ സര്‍വകലാശാലകളുടെ കാമ്പസുകളും കേരളത്തില്‍സ്ഥാപിക്കുമെന്ന പ്രധാന നയംമാറ്റവും ധനമന്ത്രി ബജറ്റില്‍ വെളിപ്പെടുത്തി.
വലിയ അവകാശവാദങ്ങളോ പ്രഖ്യാപനങ്ങളോ ഇല്ലാതെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സര്‍ക്കാര്‍ ജീവനക്കാരെ സന്തോഷിപ്പിക്കുന്നതും ഉന്നതവിദ്യാഭ്യാസ മേഖലയിലെ നയം മാറ്റം വ്യക്തമാക്കുന്നതുമായ ബജറ്റാണ് കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചത്. ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളത്തിന് ഒപ്പം ഒരു ഗഡു ക്ഷാമബത്ത കുടിശിക നല്‍കും. ആറു ഗഡുവാണ് നിലവിലെ കുടിശിക. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പുതിയ പെന്‍ഷന്‍ പദ്ധതി കൊണ്ടുവരുമെന്നതാണ് ഏറ്റവും സുപ്രധാനമായ പ്രഖ്യാപനം. കേരളത്തില്‍ നിന്ന് ഉന്നതപഠനത്തിന് വിദ്യാര്‍ഥികള്‍കൂട്ടമായി വിദേശത്തേക്ക് പോകുന്നത് കണക്കിലെടുത്ത് ഇടത് സര്‍ക്കാരിന്‍റെ നയത്തിലും മാറ്റം വരുന്നു എന്ന് ബജറ്റ് വ്യക്തമാക്കുന്നു, ദേശീയ, രാജ്യാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങും. ഏകജാലക ക്ലിയറന്‍സ് ഉള്‍പ്പെടെ നല്‍കി വിദേശ സര്‍വകലാശലകളുടെ കാമ്പസുകള്‍ ആരംഭിക്കും.
ടൂറിസം തുറമുഖ വികസനം, വ്യവസായം മേഖലകളില്‍ മൂന്നുവര്‍ഷത്തിനകം മൂന്നുലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും. വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പ്രത്യേക ഡെവലപ്പ്മെന്‍റ് സോണുകള്‍ വികസിപ്പിക്കും. സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും വഴിയെ പരിഗണിക്കുമെന്നും കെ.എന്‍ബാലഗോപാല്‍പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുമായി മുന്നോട്ട് പോകും. ചന്ദന കൃഷി പ്രാത്സാഹിപ്പിക്കാന്‍ നിയമത്തില്‍ ഇളവ് കൊണ്ടുവരും. . മനുഷ്യവന്യജീവി സംഘര്‍ഷം തടയുന്നതിന് 48 കോടി വകയിരുത്തി. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മാര്‍ഗദീപം സ്കോളര്‍ഷിപ്പും അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള ഇന്‍ഷ്വറന്‍സും നവകേരള സദസിലെ പദ്ധതികള്‍ക്ക് ആയിരംകോടിയും ഉള്‍പ്പെടെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി ബംഗളൂരു വ്യാവസായിക ഇടനാഴിക്ക് 200 കോടി നല്‍കും.
New pension scheme to provide security to government employees