ഇടുക്കി വട്ടവട ഗ്രാമത്തെ ആവേശത്തിലാഴ്ത്തി മഞ്ചുവിരട്ട് ഉത്സവം. കാളകളെ വിരട്ടി ഓടിക്കുന്നതാണ് ഉത്സവത്തിന്‍റെ പ്രധാന ചടങ്ങ്. നിരവധി പേരാണ് ഇത്തവണയും ഉത്സവം കാണാനെത്തിയത്.
നൂറ്റാണ്ടുകൾക്കു മുൻപ് കാട് കടന്ന് തമിഴ്നാട്ടിൽ നിന്നുമെത്തിയവരാണ് വട്ടവടക്കാരുടെ പൂർവികർ. തമിഴ് സംസ്കാരവും ആചാരങ്ങളും ഇന്നും ഈ ജനത വിടാതെ പിന്തുടരുന്നു. മഞ്ചുവിരട്ട് ജെല്ലിക്കെട്ടിന്‍റെ മറ്റൊരു രൂപമാണ്. വിരട്ടി ഓടിക്കുന്ന കാളയെ പിടിച്ചു നിർത്തണം. വിവിധ ഊരുകളിലെ മൂപ്പൻമാരുടെ സാന്നിധ്യത്തിലാണ് മത്സരം
വളർത്തുകാളകൾക്ക് വേണ്ടിയുള്ള ഉത്സവമാണ് മഞ്ചുവിരട്ട്. ഇതിനായി തൊഴുത്ത് വൃത്തിയാക്കി കാളകളെ അണിയിച്ചൊരുക്കും. തുടർന്നാണ് മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്. മഞ്ചുവിരട്ട് ഉത്സവത്തിന് ശേഷം ഒരു മാസം കാളകൾക്ക് വിശ്രമമാണ്. തുടർന്ന് കൃഷിപണിക്കായി പാടത്തേക്കിറക്കും. ഇത്തവണ വട്ടവടയിലും കോവില്ലൂരും മഞ്ചുവിരട്ട് സംഘടിപ്പിച്ചിരുന്നു. പങ്കെടുത്ത എല്ലാ കർഷകർക്കും ഊരുകൂട്ടം സമ്മാനങ്ങളും നൽകി.