francis-george-kerala-congress

യുഡിഎഫിൽ കോട്ടയം സീറ്റ് ഉറപ്പിച്ചതോടെ കരുനീക്കം വേഗത്തിലാക്കി കേരളാ കോൺഗ്രസ്. സ്ഥാനാർത്ഥി നിർണയത്തിനായി കേരളാ കോൺഗ്രസ് ഉന്നതാധികാരസമിതി അടുത്താഴ്ച ചേരും. വിജയസാധ്യതയുള്ള മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്ന കോൺഗ്രസിന്‍റെ അഭിപ്രായം കൂടി മുൻനിർത്തി ഫ്രാൻസിസ് ജോർജിന്‍റെ പേരാണ് നേതൃത്വം ഉറപ്പിക്കുന്നത്.

 

കേരളാ കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തിലൂടെ നഷ്ടമായ കോട്ടയം സിറ്റ് തിരിച്ചുപിടിക്കുക യുഡിഎഫിന്‍റെയും അഭിമാന പ്രശ്നമാണ്. സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് തന്നെ മൽസരിക്കണമെന്ന, ജില്ലയിലെ വികാരം പോലും മാറ്റിവച്ചാണ് മുന്നണി മര്യാദയുടെ ഭാഗമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നൽകുന്നത്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനും ഇത് അഗ്നിപരീക്ഷയായിരിക്കും. മുന്നണിക്കുള്ളിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പാർട്ടിക്കുളളിൽ സമവായം ഉണ്ടാക്കണമെന്നും കോട്ടയം കയറ്റം അത്ര എളുപ്പമല്ലെന്നും ആണ് കേരളാ കോൺഗ്രസിന് കോൺഗ്രസ് നേതൃത്വം നൽകിയ ക്ലാസ്. ഇക്കാര്യം ഉറപ്പു നൽകിയതോടെ സീറ്റിന്‍റെ കാര്യത്തിലും കോൺഗ്രസ് പച്ചക്കൊടി വീശി.

 

കഴിഞ്ഞ ദിവസം ഇരു പാർട്ടികളുടെയും നേതൃത്വങ്ങൾ നിയമസഭാ സമ്മേളനത്തിടെ രണ്ടാം ഘട്ട ചർച്ച നടത്തി. വിജയ സാധ്യതയുള്ള ഏറ്റവും മികച്ച സ്ഥാനാർഥിയെ കണ്ടെത്തണമെന്ന് മാത്രമാണ് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് മുൻനിർത്തിയുള്ള ആലോചനകൾ നടക്കുമ്പോൾ ഒറ്റ പേരിൽ തുടങ്ങി അതേ പേരിൽ  സ്ഥാനാർഥി ചർച്ചകൾ അവസാനിക്കണമെന്നാണ് കേരളാ കോൺഗ്രസ് ആഗ്രഹിക്കുന്നത്. അങ്ങനെ വരുമ്പോൾ കോൺഗ്രസ് നേതൃത്വത്തിന് കൂടി സ്വീകാര്യനായ ഫ്രാൻസിസ് ജോർജിനായിരിക്കും നറുക്ക്.

Kerala Congress secures Kottayam seat; Francis George may be the candidate