ചിന്നക്കനാലിൽ ഭീതി വിതച്ച കാട്ടാന അരിക്കൊമ്പൻ തമിഴ്നാട് കോതയാർ വനമേഖലയിൽ എത്തിയിട്ട് 9 മാസം പിന്നിട്ടു. കോതയാർ ഡാമിന്‍റെ വൃഷ്ടി പ്രദേശത്താണ് അരിക്കൊമ്പൻ ഉള്ളത്. ആന പൂർണ ആരോഗ്യവാനാണെന്ന് വനം വകുപ്പ്.
അരിക്കൊമ്പൻ മലയാളികൾ ഇത്രയേറെ ചർച്ച ചെയ്ത മറ്റൊരു കാട്ടാന ഉണ്ടാകില്ല. ഇടുക്കി ചിന്നക്കനാലിൽ നിന്നും തമിഴ്നാട് കോതയാർ വനത്തിലേക്കുള്ള അരിക്കൊമ്പന്‍റെ യാത്രയും സമാനതകളില്ലത്തതാണ്. തുടർച്ചയായി റേഷൻ കടകൾ തകർത്ത് അരി ഭക്ഷിക്കുന്ന കാട്ടാനയ്ക്ക് ചിന്നക്കനാലുകാർ സ്നേഹത്തോടെ അരിക്കൊമ്പനെന്ന് പേര് നൽകി. എന്നാൽ അരിക്കൊമ്പന്‍റെ ആക്രമണം പതിവായതോടെ സ്നേഹം ഭയത്തിന് വഴിമാറി. കാട്ടാനയെ ചിന്നക്കനാലിൽ നിന്നും മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നതോടെ കേരള ചരിത്രത്തിൽ അന്നേവരെ കണ്ടിട്ടില്ലത്ത ദൗത്യത്തിന് വനം വകുപ്പ് ഇറങ്ങി പുറപ്പെട്ടു. മൂന്ന് ദിവസം നീണ്ട് നിന്ന ദൗത്യത്തിന് 80 ലക്ഷം രൂപയാണ് ചെലവായത്.
ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സാങ്കേതത്തിലെത്തിച്ച അരിക്കൊമ്പൻ അവിടെയും വനംവകുപ്പിന്‍റെ കണ്ണുവെട്ടിച്ചു. തമിഴ്നാട് കമ്പം ജനവാസമേഖലയിലിറങ്ങിയ കൊമ്പൻ മണിക്കൂറുകളോളം മേഖലയെ ഭീതിയുടെ മുൾമുനയിൽ നിർത്തി. ഒരേ സമയം കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പിന് തലവേദനയായ അരിക്കൊമ്പനെ ഒടുക്കം മയക്കുവെടി വെച്ച് പിടികൂടി. അരിക്കൊമ്പനെ എവിടേക്ക് മറ്റുമെന്ന ചോദ്യത്തിന് മറുപടി തരാതിരുന്ന വനം വകുപ്പ് ഏറെ നേരെത്തെ യാത്രയ്ക്ക് ശേഷം ആനയെ കോതയാറിലെത്തിച്ചു. ക്ഷീണിതനായ അരിക്കൊമ്പൻ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാൻ സമയമെടുത്തു. എന്നാലിപ്പോൾ കാട്ടനക്കുട്ടത്തിനൊപ്പമാണ് അരികൊമ്പന്‍റെ സഞ്ചാരം. പൂർണ ആരോഗ്യവാനായ അരിക്കൊമ്പനെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.
9 months since Arikomban reached Kothayar