മദ്യം വാങ്ങാനുള്ള കഷ്ടപ്പാടുകള്‍ നിരത്തി പാലക്കാട് എലപ്പുള്ളി സ്വദേശി നവകേരള സദസില്‍ നല്‍കിയ അപേക്ഷയില്‍ സര്‍ക്കാരിന്റെ അതിവേഗ നടപടി. തൊട്ടടുത്ത ഷോപ്പില്‍ എത്രയും വേഗം കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് രേഖാമൂലം അറിയിച്ച സര്‍ക്കാര്‍ ഇതേ പഞ്ചായത്തിലെ ട്രാന്‍സ്ജെന്‍ഡര്‍, വീട് നിര്‍മാണത്തിന് സഹായം ചോദിച്ച് കൊടുത്ത അപേക്ഷയില്‍ മറുപടി പോലും കൊടുത്തില്ല. ബവ്കോയുടെ മറുപടി, നവകേരള സദസിലെ തീര്‍പ്പാക്കിയ ഏക പരാതിയെന്ന പരിഹാസവുമായി സമൂഹമാധ്യമങ്ങളിലും വൈറലാണ്.

കഷ്ടപ്പാട് ചില്ലറയല്ല. കിലോമീറ്ററുകള്‍ സഞ്ചരിച്ച് അച്ചടക്കത്തോടെ വരിയില്‍ നിന്നാലും തൊണ്ട നനയ്ക്കാനുള്ളത് കിട്ടാന്‍ സമയമെടുക്കും. സ്ഥലപരിമിതി പരിഹരിക്കണം. നീണ്ട വരി ഒഴിവാക്കാന്‍ നടപടി വേണം. എലപ്പുള്ളി സ്വദേശി ഷിബു നവേകേരള സദസിലെത്തി നല്‍കിയ പരാതി കണ്ടില്ലെന്ന് നടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. വേഗത്തില്‍ ജില്ലാഭരണകൂടം ഇടപെട്ടു. ബവ്റിജസ് കോര്‍പ്പറേഷന്‍ തൃശൂര്‍ റീജനല്‍ ഓഫിസില്‍ നിന്നും മറുപടിയും വന്നു. അനുമതി ലഭിച്ചാലുടന്‍ സ്ഥലപരിമിതി പരിഹരിച്ച് കൗണ്ടറുകളുടെ എണ്ണം കൂട്ടും. സര്‍ക്കാര്‍ ഖജനാവിലേക്ക് കാര്യമായി സംഭാവന ചെയ്യുന്ന വിഭാഗത്തിന് ആശ്വാസമാകുന്ന മറുപടി.

 

ലോട്ടറി വില്‍പന നടത്തി അന്നത്തിനുള്ള വക കണ്ടെത്തുന്ന എലപ്പുള്ളിയിലെ ട്രാന്‍സ്ജെന്‍ഡര്‍ ശ്രീദേവി രാജീവും നവകേരള സദസില്‍ ഒരു പരാതി നല്‍കിയിരുന്നു. സ്വന്തമായുള്ള ഭൂമിയില്‍ വീട് വയ്ക്കാനുള്ള സഹായം അനുവദിക്കണം. ആരുടെയും സഹായം കൂടാതെ ലോട്ടറി വില്‍പന നടത്തി ജീവിക്കാനുള്ള സൗകര്യവും. യാതൊരു പ്രതീക്ഷയുമില്ലെന്ന് ശ്രീദേവി രാജീവ്.

 

ഒരേ പഞ്ചായത്തിലെ രണ്ടുപേര്‍ നവകേരള സദസില്‍ നല്‍കിയ പരാതി. ഒരെണ്ണത്തിന്റെ വേഗത കണ്ടാല്‍ മദ്യപാനികളോട് എന്തൊരു കരുതലാണീ സർക്കാരിനെന്ന് തോന്നിപ്പോവും. അടുത്തതില്‍ പതിവ് സര്‍ക്കാര്‍ നൂലാമാലകള്‍ പറഞ്ഞുള്ള മെല്ലെപ്പോക്കും.

Kerala government quickaction on one drunkard complaint, comes social media troll