രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ച കേസുകളില്‍ നാലാം സ്ഥാനത്താണ് രണ്‍ജീത് വധക്കേസ്. ഒന്നാം സ്ഥാനത്താകട്ടെ 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസാണ്. മൂന്നു മലയാളികൾ ഉൾപ്പെടെ 38 പേർക്കാണ് അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസില്‍ പ്രത്യേക കോടതി 2022ല്‍ വധശിക്ഷ വിധിച്ചത്. സഹോദരങ്ങളായ കോട്ടയം ഈരാറ്റുപേട്ട പീടിയേക്കൽ ഷിബിലി, ഷാദുലി, മലപ്പുറം പെരുവള്ളൂർ കരുവാങ്കല്ല് എടപ്പനത്തൊടിക ഷറഫുദ്ദീൻ എന്നിവരായിരുന്നു കേസിലെ മലയാളികൾ.
അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് കൂടാതെ 1998ല്‍ രാജീവ് ഗാന്ധി വധക്കേസിൽ കുറ്റക്കാരെന്നു കണ്ട 26 പ്രതികൾക്ക് ടാഡാ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ അപ്പീലിൽ 7 പേരുടെ ശിക്ഷ ജീവപര്യന്തരമാക്കിയ സുപ്രീം കോടതി മറ്റു 19 പേരെ വിട്ടയക്കുകയാണ് ചെയ്തത്.
1997ല്‍ ബിഹാറിലെ ജഹാനാബാദിൽ 58 ദലിതരെ കൂട്ടക്കൊല ചെയ്‌ത കേസില്‍ 16 പ്രതികൾക്കാണ് ജില്ലാ കോടതി 2010ല്‍ വധശിക്ഷ വിധിച്ചത്. പിന്നീട് പട്ന ഹൈക്കോടതി 16 പേരെയും വിട്ടയക്കുകയുണ്ടായി. 1993ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസാണ് മറ്റൊന്ന്. 12 പേർക്കാണ് മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ 2007ൽ ടാഡാ കോടതി വധശിക്ഷ വിധിച്ചത്. അപ്പീലിൽ ഇതു മൂന്നു പേർക്കായി ചുരുങ്ങി. ഇവരിൽ യാക്കൂബ് മേമന്‍റെ വധശിക്ഷ 2015ൽ നടപ്പാക്കിയിരുന്നു.
കർണാടക, ഗോവ, ആന്ധ്രപ്രദേശ് സംസ്‌ഥാനങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ 2000 ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന സ്‌ഫോടനങ്ങളിൽ 11 പ്രതികൾക്കും സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. 2008 നവംബർ 29നായിരുന്നു ശിക്ഷാവിധി. 2002 ജനുവരി 22നു കൊൽക്കത്തയിലെ അമേരിക്കൻ സെന്‍റര്‍ ആക്രമിച്ച് അഞ്ചു പൊലീസുകാരെ വധിച്ച കേസിൽ ദുബായ് ആസ്‌ഥാനമാക്കിയ അധോലോകത്തലവൻ അഫ്‌താബ് അൻസാരിയടക്കം ഏഴു പ്രതികൾക്കു വധശിക്ഷ വിധിച്ചത് 2005 ഏപ്രിലിലാണ്. ഇതിൽ രണ്ടുപേരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി. കേരളത്തില്‍ വിവിധ ജയിലുകളിലായി 21 പേരാണ് വധശിക്ഷ കാത്ത് കഴിയുന്നത്.
Renjith Sreenivasan murder case; History of mass death sentences in the country.