h-salam-mla-question-withdrawn

സര്‍ക്കാരിനെ വെട്ടിലാക്കി സഹകരണ വകുപ്പിലെ ക്രമക്കേടുകളുടെ വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭരണക്ഷി എം.എല്‍.എയുടെ ചോദ്യം. ഉത്തരം സഭാരേഖകളുടെ ഭാഗമാകുന്നത് പ്രശ്നമാകുമെന്ന് കണ്ട് പാര്‍ട്ടി ഇടപെട്ട് അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമിനെക്കൊണ്ട് ചോദ്യം പിന്‍വലിപ്പിച്ചെങ്കിലും അച്ചടിച്ച് വന്ന നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളുടെ പട്ടികയില്‍ വിവാദ ചോദ്യം ഇടം നേടി. പിന്നാലെ പേനകൊണ്ട് വെട്ടി പിന്‍വലിച്ചതായി രേഖപ്പെടുത്തുകയായിരുന്നു.

 

സഹകരണ വകുപ്പിന്‍റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കേരളത്തിലെ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണ്, ഇവയുടെ ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത് ഏത് രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടവരാണെന്നതിന്‍റെ വിശദാംശം ലഭ്യമാണോ, ഉണ്ടെങ്കില്‍ ഈ ബാങ്കുകളുടെ ജില്ല തിരിച്ചുള്ള പട്ടികയും രാഷ്ട്രീയ പാർട്ടിയും വ്യക്തമാക്കാമോ എന്നതായിരുന്നു എച്ച് സലാമിന്‍റെ ചോദ്യം. ഉത്തരം നല്‍കേണ്ടത് തുറമുഖം സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. 10 ദിവസം മുൻപ് നല്‍കിയ ചോദ്യമാണിത്. മറുപടി തയ്യാറാക്കി സഹകരണ വകുപ്പിൽ നിന്ന് മന്ത്രി വാസവന് ഫയൽ ലഭ്യമാക്കിയപ്പോഴാണ് ചോദ്യത്തിന്‍റെ അപകടം  മനസിലായത്. ഉത്തരം സഭാരേഖകളുടെ ഭാഗമാകുന്നത് കൂടുതല്‍ പ്രശ്നമാകുമെന്ന കണ്ട് പാര്‍ട്ടി ഇടപെട്ടു. മുഖ്യമന്ത്രിയുടെ മുന്നിലും പ്രശ്നം എത്തിയെന്നാണ് അറിയുന്നത്. തുടർന്ന് ചോദ്യം പിൻവലിക്കണമെന്ന സലാമിന്‍റെ ഓൺലൈൻ അപേക്ഷ നിയമസഭ സെക്രട്ടറിക്ക് ലഭിച്ചു. 

 

വെബ്സൈറ്റിൽ നിന്ന് ചോദ്യം നീക്കിയെങ്കിലും അച്ചടിച്ച് വന്ന ചോദ്യങ്ങളുടെ ബുക്ക് ലൈറ്റിൽ വിവാദ ചോദ്യം ഇടം നേടി. പേനകൊണ്ട് വെട്ടി പിന്‍വലിച്ചതായി രേഖപ്പെടുത്തി. അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന്‍റെ കണ്ടെത്തലുകളെക്കുറിച്ച് മാത്യു കുഴല്‍നാടന്‍റെ ചോദ്യങ്ങള്‍ക്ക് പ്രവര്‍ത്തനപരിധിക്ക് പുറത്തുള്ളവര്‍ക്ക് വ്യാജമേല്‍വിലാസത്തില്‍ അംഗത്വം നല്‍കി, അവര്‍ക്ക് തെറ്റായ രീതിയില്‍ വായ്പകള്‍ നല്‍കി, നിക്ഷേപങ്ങള്‍ക്ക് അധിക പലിശ നല്‍കി തുടങ്ങി അഞ്ച് ക്രമക്കേടുകള്‍ മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.

 

Ambalappuzha MLA H Salam's question withdrawn