വിലക്കയറ്റത്തിനെതിരെ മഹിള കോണ്‍ഗ്രസ് കാലിക്കലങ്ങളുമായി നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. ജെബി മേത്തര്‍ ഉള്‍പ്പെടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. മുച്ചൂടും മുടിച്ച് ഇടതുപക്ഷം കേരളത്തെ തകര്‍ന്ന തറവാടാക്കി മാറ്റിയെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

 

അരിയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ ഇടപെടാതെ സര്‍ക്കാര്‍ ധൂര്‍ത്തിനും അഴിമതിക്കും മുന്‍ഗണന നല്‍കുന്നുവെന്നാരോപിച്ചാണ് മഹിള കോണ്‍ഗ്രസ് മാര്‍ച്ച്.  ജെബി മേത്തറും ബിന്ദുകൃഷ്ണയുമുള്‍പ്പെടെയുള്ള നേതാക്കള്‍ മുന്നില്‍ നിന്ന് നയിച്ച മാര്‍ച്ച് ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരില്‍ ചിലര്‍ കലങ്ങള്‍ പൊലീസിന് നേര്‍ക്കെറിഞ്ഞു. 

 

ഉദ്ഘാടനം ചെയ്ത് പ്രതിക്ഷ നേതാവ് പോയതിന് പിന്നാലെ പ്രതിഷേധക്കാര്‍ മണ്‍കലങ്ങള്‍ തല്ലിയുടച്ചു. അതിന്‍റെ അവശിഷ്ടങ്ങള്‍ പൊലീസിന് നേര്‍ക്കെറിഞ്ഞു. ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  മുന്‍നിരയിലുണ്ടായിരുന്ന ജെബി മേത്തറുള്‍പ്പെടേയുള്ളവര്‍ക്ക് ജലപീരങ്കിയേറ്റ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ  പൊലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് മാറ്റി. 

Mahila Congress March in Thiruvananthapuram