കൊല്ലം നിലമേലില്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായ എസ് എഫ് ഐ പ്രതിഷേധത്തെത്തുടര്‍ന്ന് സിആര്‍പിഎഫ് Z പ്ളസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. 55 സുരക്ഷാ സൈനികരും 10 എന്‍ എസ് ജി കമാന്‍ഡോകളും ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനമാണ് ആരിഫ് മുഹമ്മദ് ഖാന് സുരക്ഷ ഒരുക്കുക. എന്താണ് z പ്ളസ് കാറ്റഗറി സുരക്ഷ?

 

Z പ്ളസ് കാറ്റഗറി സുരക്ഷ

 

ജീവന് ഭീഷണി നേരിടുന്ന വ്യക്തികൾക്ക് ഇന്ത്യാ ഗവൺമെൻ്റ് നൽകുന്ന ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് Z+ സുരക്ഷ. മുൻനിര രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ വ്യക്തികൾക്കാണ് Z പ്ളസ് വിഭാഗം പൊതുവെ നൽകിയിരിക്കുന്നത്.  55സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സേനയാണ് Z പ്ളസ് കാറ്റഗറി സുരക്ഷ നല്‍കുന്നത്. വ്യക്തി നേരിടുന്ന ഭീഷണി അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വ്യത്യാസപ്പെടും. 24 മണിക്കൂറും സുരക്ഷ ഒരുക്കുകയാണ് സേനയുടെ ലക്ഷ്യം. 

 

മികച്ച കായിക– ആയുധ പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് Z പ്ളസ്  സുരക്ഷ ഒരുക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, ആധുനിക സുരക്ഷാ പരിശോധന ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ Z പ്ളസ് സുരക്ഷയുടെ ഭാഗമാണ്. ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സുരക്ഷ നല്‍കേണ്ട വ്യക്തിയെ അനുഗമിക്കാം. Z പ്ളസ് സുരക്ഷ ലഭിക്കുന്ന വ്യക്തികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. യാത്രാ പദ്ധതികൾ മുൻകൂട്ടി ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമേ യാത്ര ചെയ്യാന്‍ പാടുള്ളൂ

 

രാഷ്ട്രപതി, വൈസ് പ്രസിഡൻ്റ്, പ്രധാനമന്ത്രി എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും Z പ്ളസ് സുരക്ഷാ പരിരക്ഷ ലഭിക്കാറുണ്ട്. ജീവന് ഭീഷണി നേരിടുന്ന വ്യവസായികൾ, ബിസിനസ്സ് നേതാക്കൾ, മറ്റ് വ്യക്തികൾ എന്നിവർക്കും Z പ്ളസ് സുരക്ഷാ പരിരക്ഷ നൽകാറുണ്ട്

Z Plus Security Cover Of CRPF to Kerala Governor and Rajbhavan