അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബു കുറ്റക്കാരനെന്ന് എറണാകുളം അഡ‍ീഷണല്‍ സെഷന്‍സ് കോടതി. പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, ആയുധമുപയോഗിച്ചുള്ള ആക്രമണം അടക്കമുള്ള വകുപ്പുകള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. ഈ മാസം ഇരുപത്തിയൊന്‍‌പതിന് ശിക്ഷയിന്‍മേലുള്ള വാദം നടക്കും.

 2018 ഫെബ്രുവരി പന്ത്രണ്ടിന് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ബാബുവിന്റെ സഹോദരന്‍ ശിവന്‍, ഇയാളുടെ ഭാര്യ വല്‍സ, മകള്‍ സ്മിത എന്നിവരെ വാക്കത്തികൊണ്ട് തുടര്‍ച്ചയായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സ്മിതയുടെ പത്തുവയസുമാത്രം പ്രായമുണ്ടായിരുന്ന ഇരട്ടക്കുട്ടികളെയും വെട്ടിപ്പരുക്കേല്‍പിച്ചിരുന്നു. ആക്രമണത്തിനുശേഷം ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതി ബാബു പിടിയിലായത്. ഫെബ്രുവരി പന്ത്രണ്ടിന് വൈകീട്ട് ശിവന്റെ വീട്ടിലെത്തിയ ബാബു ആദ്യം ശിവനെയും പിന്നാലെ വല്‍സയെയും വെട്ടിവീഴ്ത്തി. തടയാനെത്തിയ സ്മിതയെയും വെട്ടിക്കൊലപ്പെടുത്തി. വാക്കത്തികൊണ്ട് പലവട്ടം വെട്ടിയാണ് മൂന്നുപേരുടെയും മരണം ഉറപ്പിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് കുട്ടികളടക്കം കേസില്‍ സാക്ഷികളായിരുന്നു. പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, ആയുധമുപയോഗിച്ചുള്ള ആക്രമണം അടക്കമുള്ള വകുപ്പുകള്‍‌ തെളിഞ്ഞെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.സോമന്‍ വിധിച്ചു. ശിക്ഷയിന്‍മേലുള്ള വാദത്തിന് മുന്നോടിയായി സര്‍ക്കാരിന്റെയും, ജയില്‍ സൂപ്രണ്ടിന്റെയും റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

Angamali murder case follow up