പിടി സെവനെന്ന പേരിന് ആക്രമണകാരിയെന്ന വിശേഷണമുണ്ടായിരുന്ന കാലം. കാട് വിട്ട് നാട്ടിലേക്കിറങ്ങി സകലതും നശിപ്പിച്ച് നാടുവിടാന്‍ കൂട്ടാക്കാത്ത കൊമ്പന്‍. പാലക്കാട് ധോണിയിലെ കുടുംബങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന കൊമ്പന്‍റെ ശൗര്യം കൂട്ടിലായിട്ട് ഇന്നേയ്ക്ക് ഒരുവര്‍ഷം.
ഒരുകാലത്ത് തലയെടുപ്പോടെ സ്വതന്ത്രമായി ആരെയും കൂസാക്കാതെ നാട്ടിലൂടെ നടന്നവന്‍. കുളിയും തേവാരവും കഴിഞ്ഞ് കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ച് കാട് കയറാതെ നാട്ടാരുടെ ചങ്കിടിപ്പ് കൂട്ടി. ഈ ആക്രമണത്തിനൊടുവില്‍ കൊമ്പന് എന്ത് സംഭവിച്ചു. ലോറിയിലെത്തിച്ച് ധോണിയിലെ കൂട്ടിലാക്കി. സമാധാനം നഷ്ടപ്പെട്ടിരുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം. പേടിയില്ലാതെ ജോലി ചെയ്യാനും ഉറങ്ങാനും കഴിയുന്നുവെന്ന് ധോണിക്കാര്‍.
വമ്പന്‍ മര്യാദക്കാരനായി ഇപ്പോഴുള്ളത് ധോണിയിലെ ക്യാംപിലാണ്. രാവിലെയും വൈകീട്ടും വനത്തിലൂടെ നടന്നും പാപ്പാന്മാരുടെ നിര്‍ദേശങ്ങള്‍ പാലിച്ചും കൃത്യമായ റേഷന്‍ അകത്താക്കിയും ദിനചര്യ. നേരിയ മങ്ങലുള്ളതിനാല്‍ ഇടത് കണ്ണിന്‍റെ കാഴ്ച വീണ്ടെടുക്കാന്‍ ചികില്‍സയോടും സഹകരിക്കുന്നുണ്ട്. നാട്ടാരെ വലച്ചിരുന്ന കൊമ്പന്‍റെ കഥയ്ക്ക് ഒരു വര്‍ഷത്തിനിടെ അല്‍പം ശമനമുണ്ടായത് യാഥാര്‍ഥ്യമാണെങ്കിലും പിടി സെവന്‍റെ പ്രതാപം മാറിയ ഒഴിവ് നികത്തി അധികാരമുറപ്പിക്കാന്‍ മറ്റ് ചിലര്‍ കാടിറങ്ങുന്നുവെന്നതാണ് ധോണിക്കാരുടെ നിലവിലെ ആശങ്ക.