kollam-thulasiN

പണംപെരുപ്പിക്കല്‍ വാഗ്ദാനത്തില്‍ കുടുങ്ങി നടന്‍ കൊല്ലം തുളസിക്ക് ഇരുപത്തിരണ്ട് ലക്ഷം രൂപ നഷ്ടമായി. വട്ടിയൂര്‍ക്കാവ് സ്വദേശികളായ അച്ഛനും മകനും ചേര്‍ന്നാണ് തുളസിയുടെ പണം തട്ടിയെടുത്തത്. രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടിയതോടെ കൂടുതല്‍ പേര്‍ പരാതികളുമായി എത്തിത്തുടങ്ങി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ ദിവസവും മുന്നൂറ് രൂപ വീതം പലിശ നല്‍കും. 22 ലക്ഷം ഇട്ടാല്‍ ദിവസവും കിട്ടുന്നത് ആറായിരത്തി തൊള്ളായിരം രൂപ. പണം ഇരട്ടിപ്പിക്കലിന്റെ ഈ വാഗ്ദാനമാണ് കൊല്ലം തുളസിയെ കുഴിയില്‍ ചാടിച്ചത്.

 

വട്ടിയൂര്‍ക്കാവ് സ്വദേശികളായ സന്തോഷ്കുമാറും മകന്‍ ദീപക്കും ചേര്‍ന്ന് തുടങ്ങിയ ജി ക്യാപ്പിറ്റല്‍ എന്ന ധനകാര്യ സ്ഥാപനമായിരുന്നു തട്ടിപ്പ് കേന്ദ്രം. ആദ്യമൊക്കെ പലിശ കൃത്യമായി നല്‍കിയ ശേഷം ഒരു സുപ്രഭാതത്തില്‍ അച്ഛനും മകനും മുങ്ങി. രണ്ട് വര്‍ഷത്തോളം കേസിന് പുറകെ നടന്നു. ഡി.ജി.പിയില്‍ തുടങ്ങി നവകേരള സദസില്‍ വരെ പരാതി നല്‍കി. ഒടുവില്‍ ഡല്‍ഹിയില്‍ നിന്നാണ് അച്ഛനെയും മകനെയും തിരുവനന്തപുരം മ്യൂസിയം പൊലീസ് പിടിച്ചത്. പ്രതികളെ സ്റ്റേഷനിലെത്തി കണ്ട കൊല്ലം തുളസി പണം തിരികെ ചോദിച്ചെങ്കിലും നയാപൈസ കയ്യിലില്ലെന്നായിരുന്നു പ്രതികളുടെ മറുപടി

 

തട്ടിപ്പിനെക്കുറിച്ച് കൊല്ലം തുളസി പറഞ്ഞത്: 

 

സുഹൃത്ത് വഴിയാണ് നിക്ഷേപ പദ്ധതിയെക്കുറിച്ച് പറഞ്ഞത്. മോശമല്ലാത്ത ഒരു വരുമാനം ലഭിക്കുമല്ലോ എന്നോര്‍ത്താണ് ചേര്‍ന്നത്. പണം നല്‍കിയതെല്ലാം ബങ്ക് വഴിയായിരുന്നു. അവരെ മുന്‍പരിചയം ഉണ്ടായിരുന്നില്ല. അന്ന് ഒരു സംശയവും തോന്നിയില്ല. തുടക്കത്തില്‍ പണം കിട്ടിയിരുന്നു. 

 

അഞ്ചാറു മാസം കഴിഞ്ഞപ്പോള്‍ അവര്‍ മുങ്ങി. എവിടെയെന്നു ഒരു പിടിയുമില്ല. ഒന്നര വര്‍ഷത്തിനു ശേഷം പ്രതികള്‍ ഡല്‍ഹിയിലുണ്ടെന്നറിഞ്ഞു. പരാതി കൊടുക്കാന്‍ ഞാന്‍ തന്നെയാണ് മുന്നിലുണ്ടായിരുന്നത്. മറ്റു പലരും തയ്യാറായില്ല. ഉറവിടം കാണിക്കാന്‍ സാധിക്കാത്തതായിരുന്നു കാരണം. ലക്ഷങ്ങളും കോടികളും നിക്ഷേപിച്ചവര്‍ ഉണ്ട്. വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. മുഖ്യമന്ത്രിയ്ക്കു ഡിജിപിയ്ക്കും വരെ പരാതി നല്‍കി. നവകേരള സദസില്‍ മുഖ്യമന്ത്രിയ്ക്കു നേരിട്ടു പരാതി നല്‍കി. കേസിന്റെ പിറകെ കൂടി. കാരണം എനിക്ക് ആ പണം തിരികെ കിട്ടിയേ തീരൂ. ഞാനൊരു കാന്‍സര്‍ രോഗിയാണ്. ചികിത്സയ്ക്കായി നീക്കി വച്ച പണമായിരുന്നു അത്. ആ പണമാണ് നഷ്ടമായത്. ഇത്തരമൊരു പദ്ധതിയില്‍ ചേരാന്‍ പാടില്ലായിരുന്നെന്നു തോന്നി. 

 

പ്രതികളെ പിടിക്കാന്‍ പൊലീസ് നാലു തവണയാണ് ഡല്‍ഹിയിലേക്ക് പോയത്. പെട്ടി കിട്ടിയില്ലെങ്കിലും താക്കോല്‍ കിട്ടിയല്ലോ എന്ന ആശ്വാസമാണിപ്പോള്‍. സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നാട്ടില്‍ നിരവധി നടക്കുന്നുണ്ട്. പലരും ലാഭം മോഹിച്ച് പെട്ടു പോകുന്നു. ആരും ഇത്തരമൊരു തട്ടിപ്പില്‍ വീഴരുതെന്നാണ് എനിക്കു പറയാനുള്ളത്. ജോലിയില്‍ നിന്നും വിരമിച്ചവരാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്. 

 

Man, son held for duping actor Kollam Thulasi in Rs 20 lakh money doubling scam