TAGS

പെരിട്ടോണിയല്‍ ഡയാലിസിസിന് മരുന്ന് ലഭിക്കാതെ  മൂന്നുമാസം പിന്നിട്ടിട്ടും നടപടിയില്ല. മരുന്ന് വിതരണ കമ്പനിക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കുടിശിക വരുത്തിയത് ഒന്‍പത്കോടി രൂപയാണ്. സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് പറയുമ്പോഴും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ ചെലവിടാതെ 600 കോടി രൂപയാണ് ഉള്ളത്. 

 

എട്ട് വയസുകാരി കീര്‍ത്തികയ്ക്ക്  മരുന്ന് വാങ്ങാന്‍ ഈ അഛ്ചന്‍ കൈനീട്ടാന്‍ ഒരിടവും ബാക്കിയില്ല. മൂന്നുമാസമായി ഈ ദുരിതം തുടരുന്നു.  പ്രശ്നം പലകുറി ഉറക്കെ വിളിച്ചുപറഞ്ഞു. നവകേരള സദസില്‍ ആരോഗ്യമന്ത്രിക്കടക്കം പരാതി നല്‍കി. 

 

പക്ഷെ  പ്രശ്നത്തിന് പരിഹാരമായില്ല. മരുന്ന് നിര്‍മാണ കമ്പനി ഫ്ലൂയിഡ് ബാഗ് വിതരണം നിര്‍ത്തിവച്ചതോടെ സര്‍ക്കാര്‍ ഇടപെട്ടു. അനുനയ ചര്‍ച്ചകളിലൂടെ ബാക്കി ഉണ്ടായിരുന്ന സ്റ്റോക്ക് വിതരണം ചെയ്യാന്‍ തീരുമാനമായി. എന്നാല്‍ അതുകൊണ്ടും സംസ്ഥാനത്തെ മുഴുവന്‍ രോഗികളുടെയും ദുരിതം തീരുന്നില്ല. കുടിശിക തീര്‍ക്കാതെ പുതുതായി സ്റ്റോക്ക് നല്‍കില്ലെന്ന നിലപാടിലാണ് നിര്‍മാണ കമ്പനി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഫ്ലൂയിഡ് ബാഗുകള്‍ സൗജന്യമായി കിട്ടിയിരുന്നു. എന്നാല്‍ കമ്പനികള്‍ മരുന്ന് നല്‍കാതായതോടെ അതും നിലച്ചു.  കോഴിക്കോടും മലപ്പുറത്തും മാത്രമായി 165 പേരാണ് പൊരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നത്. സര്‍ക്കാര്‍ പണം തരാത്തതിനാലാണ് ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങി നല്‍കാത്തതെന്ന് ആരോപിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ ചെലവിടാതെ 600 കോടി രൂപയുണ്ട്. നിര്‍മാണ കമ്പനിക്ക് നല്‍കേണ്ടതാകട്ടെ വെറും 9 കോടി മാത്രമാണ്. കൈയ്യിലുള്ള പണം ചെലവിടാതെ ഇനി തുക നല്‍കില്ലെന്നാണ് ധനവകുപ്പിന്‍റെയും നിലപാട്.