എം.ടിയുടെ വിമര്‍ശനം സംസ്ഥാനസര്‍ക്കാരിനെക്കുറിച്ചല്ല എന്നു സ്ഥാപിക്കാന്‍ പാടുപെടുന്ന സി.പി.എം, എം.ടി. എന്ന എഴുത്തുകാരന്‍റെ രാഷ്ട്രീയവിമര്‍ശനചരിത്രത്തെക്കൂടിയാണ് തമസ്കരിക്കാന്‍ ശ്രമിക്കുന്നത്. നിരന്തരം രാഷ്ട്രീയത്തില്‍ ഇടപെടുന്ന രീതിയല്ലെങ്കിലും പറയാനുള്ളത് പറയാന്‍ ഒരിക്കലും എം.ടി. അറച്ചു നിന്നിട്ടില്ല. കൊടിയുടെ നിറവും രാഷ്ട്രീയവും ഒരിക്കലും എം.ടിയെ ഭയപ്പെടുത്തിയിട്ടുമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനപരിഷ്കാരത്തെ തുറന്നെതിര്‍ത്ത എം.ടിയെ കേരളം മറന്നിട്ടില്ല. 2016ല്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് നോട്ട് നിരോധനത്തിനെതിരെ രചിച്ച പുസ്തകം പ്രകാശനം ചെയ്തു കൊണ്ടാണ് തുഗ്ലക്കിനെപ്പോലെ നോട്ട് നിരോധനത്തിന്റെ വക്താക്കള്‍ക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് പ്രധാനമന്ത്രിക്കെതിരെ എം.ടി. ആഞ്ഞടിച്ചത്. അന്ന് എം.ടിക്കെതിരെ ബി.ജെ.പി. രംഗത്തെത്തിയപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ മുന്നിലുണ്ടായിരുന്ന ഇടതുപക്ഷമാണ് ഇന്ന് എം.ടിയുടെ വിമര്‍ശനത്തില്‍ പ്രതിരോധത്തിലായിരിക്കുന്നത്.
കേന്ദ്രം എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത്് കാണുമ്പോള്‍ ജര്‍മനിയിലെ നാസി ഭരണമാണ് ഓര്‍മ വരുന്നതെന്ന് എം.ടി. തുറന്നടിച്ചിട്ടുണ്ട്. രാജ്യത്ത് അസഹിഷ്ണുതയുടെ അധിനിവേശമെന്ന് തൃശൂരില്‍ പറഞ്ഞത് ഇക്കഴിഞ്ഞ നവംബറിലാണ്. മതതീവ്രവാദത്തെയും വര്‍ഗീയതയെയും എന്നും തുറന്നെതിര്‍ത്തു. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ സംഘപരിവാര്‍ സമരവുമായെത്തിയപ്പോഴും എം.ടി നിലപാട് വ്യക്തമായി പറഞ്ഞു. കേരളത്തെ നൂറ്റാണ്ട് പിന്നോട്ടു നടത്താനുള്ള നീക്കമെന്ന് കുറിച്ചു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്കു നയിച്ച ഹിന്ദുത്വരാഷ്ട്രീയപദ്ധതിയെക്കുറിച്ച് മറകളില്ലാതെ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു എം.ടി. മുത്തങ്ങ സമരത്തിനെതിരെ ആന്റണി സര്‍ക്കാരിന്റെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഫിലിംഫെസ്റ്റിവല്‍ അധ്യക്ഷസ്ഥാനത്തു നിന്നു രാജി വച്ചു. ആദിവാസി ഭൂ സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അക്രമരാഷ്ട്രീയത്തെക്കുറിച്ച്, രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ച് തുറന്നു വിമര്‍ശിച്ചിട്ടുണ്ട്.
ദൈനംദിന രാഷ്ട്രീയവിമര്‍ശനവുമായി അദ്ദേഹം പൊതുജനശ്രദ്ധയില്‍ വന്നിട്ടില്ല. വന്നപ്പോഴെല്ലാം കൊള്ളേണ്ടിടത്തു കൊള്ളാതെ വാക്കുകള്‍ തൊടുത്തിട്ടുമില്ല. എന്തുകൊണ്ടാണ് നിരന്തരം രാഷ്ട്രീയം സംസാരിക്കാത്തത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറഞ്ഞിട്ടുമുണ്ട്. എല്ലാ കാര്യത്തിലും നമ്മള്‍ അഭിപ്രായം പറയണമെന്നില്ല. പക്ഷേ പറഞ്ഞേതീരൂ എന്നു തോന്നുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അപ്പോള്‍ മാത്രമാണ് പ്രതികരിക്കുന്നതെന്ന് അഭിമുഖങ്ങളിലെല്ലാം വ്യക്തമാക്കിയിട്ടുമുണ്ട്.