ഉത്സവപറമ്പില്‍ നോ പാര്‍ക്കിങ് ഏരിയയില്‍ ബൈക്ക് നിര്‍ത്തിയിട്ടെന്ന് പറഞ്ഞ് പട്ടാളക്കാരനേറ്റത് പൊലീസിന്റെ ക്രൂരമര്‍ദനം. താന്‍ പറയുന്നതൊന്നും കേള്‍ക്കുക കൂടി ചെയ്യാതെ ഉത്സവപറമ്പില്‍വെച്ചും പിന്നീട് സ്റ്റേഷനിലെ മുറിയിലിട്ടും തന്നെ ക്രൂരമായി മര്‍ദിച്ചന്നാണ് പട്ടാളക്കാരന്‍ പറയുന്നത്.
‘ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസാരം തുടങ്ങി പിന്നെ പൊലീസ് തെറി പറയാന്‍ തുടങ്ങി, ഞാനും യൂണിഫോമിടുന്നവനാണ് തെറി വിളിക്കരുതെന്നാവശ്യപ്പെട്ടു, പട്ടാളക്കാരനെന്താ കൊമ്പുണ്ടോയെന്ന് ചോദിച്ച് പൊലീസ് ആദ്യം തുടയ്ക്കിട്ടു തല്ലി, അതില്‍ തന്റെ മൊബൈല്‍ പൊട്ടി. രണ്ടു പേര്‍ വന്ന് വീണ്ടും തല്ലി, അപ്പോള്‍ ഹെല്‍മറ്റ് ഉപയോഗിച്ച് താന്‍ അവരെ തള്ളി മാറ്റി, അവരെല്ലാം മദ്യപിച്ചിട്ടുണ്ടായിരുന്നു ആ നാട്ടുകാരെല്ലാം സാക്ഷികളാണ്. പിന്നീട് സ്റ്റേഷനില്‍ കൊണ്ടുപോയി മുറിയിലിട്ട് ചവിട്ടിക്കൂട്ടി, വരുന്നവരെല്ലാം കിട്ടുന്നിടത്തെല്ലാം ചവിട്ടി. പത്ത് ഇരുപത്തഞ്ചോളം പേരുണ്ടായിരുന്നു, തന്റെ കാല്‍ പൊട്ടിയെന്ന് പറഞ്ഞിട്ടും അവര്‍ ചവിട്ട് നിര്‍ത്തിയില്ലെന്നും പട്ടാളക്കാരന്‍ പറയുന്നു.
വയനാട് പുല്‍പ്പള്ളി സ്വദേശിയായ സൈനികനെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ച് കാലൊടിച്ചെന്നാണ് പരാതി.. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കരസേനയിലെ ലാന്‍സ് നായിക് ആയി സേവനമനുഷ്ടിക്കുന്ന കെ.എസ് അജിത്തിനാണ് മര്‍ദനം. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിന്‍റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുപതോളം പൊലീസുകാരാണ് ആളുകള്‍ നോക്കി നില്‍ക്കെയും സ്റ്റേഷനില്‍ വെച്ചും മര്‍ദിച്ചതെന്ന് അജിത്ത് മനോരമ ന്യൂസിനോട് പറഞ്ഞു .ഇക്കഴിഞ്ഞ അഞ്ചാം തിയതി രാത്രിയിലാണ് സംഭവം.
മുപ്പത് വയസുകാരനായ സൈനികന്‍ അജിത്ത് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതായിരുന്നു. ബൈക്ക് നോ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയതിനെ ചൊല്ലി പൊലീസുമായി തര്‍ക്കമുണ്ടാവുകയും തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് അജിത്തിന്‍റെ പരാതി. മുഖത്തും കൈകളിലും മര്‍ദിച്ചു.. മുതുകില്‍ ബൂട്ടിട്ട് ചവിട്ടി.. ലാത്തികൊണ്ട് അടിച്ചു.. ശരീരമാസകലം അടിയേറ്റ പാടുകള്‍ അജിത്ത് കാണിച്ചുതന്നു.
ക്രൂരമര്‍ദനത്തിന് ഇരയായിട്ടും പൊലീസ് ഏറെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്നും ആരോപണമുണ്ട്.. ആദ്യം പുല്‍പ്പള്ളിയിലും പിന്നീട് ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചു. സ്കാനിങ്ങിന് വിധേയനാക്കിയപ്പോഴാണ് കാലിലെ എല്ല് പൊട്ടിയതായി കണ്ടത്. മിലിട്ടറി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ പൊലീസും ആശുപത്രി അധികൃതരും ഒത്തുകളിക്കുന്നതായി സഹോദരനും ആരോപിച്ചു.
Pulppally police brutally attacked military officer; Complaint raising