പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് നടി ശോഭന. ആരാധികയുടെ ജീവിത്തിലെ ഏറ്റവും വലിയ നിമിഷമെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ശോഭന കുറിച്ചത്. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ശോഭന പോസ്റ്റ് ചെയ്തത്.
തൃശൂരില്‍ നടന്ന പരിപാടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അവസരം ലഭിച്ചെന്നും ശോഭന കുറിച്ചു. തൃശൂരില്‍ നടന്ന ബിജെപിയുടെ പരിപാടിയില്‍ മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പുകഴ്ത്തിയായിരുന്നു ശോഭന സംസാരിച്ചത്. മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്ന് പറഞ്ഞ ശോഭന വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി അറിയിച്ചു.
അതേസമയം തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തില്‍ പങ്കെടുത്തതിനു പിന്നാലെ നവമാധ്യമങ്ങളിൽ രൂക്ഷവിമർശനം നേരിടുകയാണ് ശോഭന. മികച്ച നേതൃത്വത്തിന് കീഴിലാണ് നാം ജീവിക്കുന്നതെന്നതടക്കമുള്ള ബിജെപി വേദിയിലെ ശോഭനയുടെ പരാമർശങ്ങളാണ് വിമർശകർ വിവാദമാക്കിയത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇടത് പ്രൊഫൈലുകളില്‍ നിന്നുളള വിമര്‍ശനങ്ങള്‍ തുടരവേ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം ശോഭനയ്ക്ക് പിന്തുണയുമായി രംഗത്തുവന്നു. ശോഭനയെ ബിജെപിയുടെ അറയിൽ കാണുന്നില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
ഈ വിഷയത്തില്‍ എഴുത്തുകാരി എസ്.ശാരദക്കുട്ടിയും പ്രതികരണവുമായി രംഗത്തെത്തി. ശോഭനയെ സംഘിയാക്കരുതെന്നും അങ്ങനെ ചെയ്താൽ സംഘിക്കാണ് ഗുണമെന്നുമാണ് എസ്.ശാരദക്കുട്ടിയുടെ പ്രതികരണം.
Shobana shares photo with PM Narendra Modi