സ്ഫോടനത്തെ തുടർന്ന് അടച്ചിട്ടിരുന്ന കളമശ്ശേരി സാമ്ര കൺവെൻഷൻ കേന്ദ്രം വീണ്ടും തുറന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന്റെ കൈവശമായിരുന്ന കേന്ദ്രം കോടതി ഇടപെടലിലാണ് പ്രവർത്തിച്ചു തുടങ്ങിയത്. സ്ഫോടനത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കേന്ദ്രത്തിന് സംഭവിച്ചത്. രണ്ടുമാസത്തെ അടച്ചിടലിനുശേഷം കേന്ദ്രത്തിൽ ആദ്യം നടന്നത് കലൂർ സ്വദേശിയുടെ വിവാഹ ചടങ്ങുകളാണ്.
സ്ഫോടനത്തിന്റെ മനം മടുപ്പിക്കുന്ന കാഴ്ചകളിൽ നിന്ന്, ഈ ദീപാലങ്കാരങ്ങളിലേക്കും ആരവങ്ങളിലേക്കും രണ്ടുമാസത്തെ ദൂരമുണ്ട്. ഒക്ടോബർ 29-ന് യഹോവയുടെ സാക്ഷികളുടെ പ്രാർഥനായോഗത്തിനിടെയുണ്ടായ സ്ഫോടനത്തിനു ശേഷം പൂർണ്ണമായും അടച്ചിട്ടിരുന്ന സാമ്ര കൺവെൻഷൻ കേന്ദ്രത്തിന് ഇന്നലെ വൈകിട്ടോടെ പുതുജീവൻ വയ്ക്കുകയായിരുന്നു. 8 പേര് മരിച്ച സ്ഫോടനത്തിൽ കൺവെൻഷൻ കേന്ദ്രത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. അന്വേഷണത്തിന്റെയും തുടർ പരിശോനകളുടെയും ഭാഗമായി കേന്ദ്രം പൊലീസ് ഏറെടുത്തതിനാൽ സ്ഫോടനം നടന്ന് മാസങ്ങൾക്ക് ശേഷവും തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ കോടതി ഇടപെടലിനെ തുടർന്നാണ് കൺവെൻഷൻ കേന്ദ്രം വിട്ടു കിട്ടിയതും പ്രവർത്തനം തുടങ്ങാനായതും. പൊട്ടിപ്പൊളിഞ്ഞ തറയോട് മുതൽ കരിപുരണ്ടിരുന്ന മേൽക്കൂരയും ഭിത്തികളും വരെ മാറ്റിപ്പണിതു. കൺവെൻഷൻ കേന്ദ്രം വീണ്ടും ഉഷാറായി.
വലിയ ആഘോഷപൂർവ്വമാണ് കലൂർ സ്വദേശിയുടെ വിവാഹ ചടങ്ങുകൾ കൺവെൻഷൻ കേന്ദ്രത്തിൽ നടന്നത്. ഈ വിവാഹത്തിന് പിന്നാലെ കൂടുതൽ ബുക്കിങ്ങുകൾ ലഭിച്ചു തുടങ്ങും എന്നാണ് കൺവെൻഷൻ കേന്ദ്രത്തിന്റെ നടത്തിപ്പുകാരുടെ പ്രതീക്ഷ.
Kalamassery Zamra Convention Center reopened