ചെങ്ങന്നൂരിൽ ചരിഞ്ഞ വെട്ടിക്കാട്ട് ചന്ദ്രശേഖരൻ ഇനി ദീപ്തമായ ഓർമ. കൊല്ലം മൈനാഗപ്പളളി വെട്ടിക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ നടന്ന പൊതുദർശനത്തിൽ നാടൊന്നാകെ അന്ത്യാഞ്ജലി അർപ്പിച്ചു. അഞ്ചൽ വനമേഖലയില്‍ സംസ്കരിക്കും.
വെട്ടിക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ മൂന്നു കരകളിലെ ഭക്തർ ചേർന്നു മൂന്നര പതിറ്റാണ്ട് മുൻപാണ് ചന്ദ്രശേഖരനെ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. മുപ്പതാമത്തെ വയസ്സിൽ മൈനാഗപ്പള്ളിയിലെത്തിയ ചന്ദ്രശേഖരൻ 33 വർഷം ഉത്സവത്തിനു മഹാദേവന്റെ തിടമ്പേറ്റി. പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന് ആരാധകർ ഏറെയായിരുന്നു. മലയാലപ്പുഴ രാജനു ശേഷം ശബരിമല അയ്യപ്പന്റെ തിടമ്പേറ്റിയ ചന്ദ്രശേഖരൻ ദേവസ്വം ബോർഡിന്റെ ലക്ഷണമൊത്ത ആനയായിരുന്നു. കോടനാട് ആനക്കളരിയിൽ നിന്ന് ആലപ്പുഴ മാന്നാർ സ്വദേശി ചന്ദ്രൻപിള്ള വാങ്ങിയ ഗജവീരനെ 1988 ലാണു വെട്ടിക്കാട്ട് ക്ഷേത്രത്തിന്റെ ഭാഗമാക്കിയത്. ക്ഷേത്ര ഉത്സവത്തിന്റെ തയാറെടുപ്പുകൾക്കിടെ ചന്ദ്രശേഖരന്റെ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. അറുപത്തിമൂന്ന് വയസ് ഉണ്ടായിരുന്ന വെട്ടിക്കാട്ട് ചന്ദ്രശേഖരനെ കഴിഞ്ഞ ഇരുപത്തിയാറിനാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉൽസവത്തിന് എത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ആന ചരിഞ്ഞത്.