carnival-safety-30

കൊച്ചി കാര്‍ണിവലിന് സുരക്ഷ ശക്തമാക്കി എറണാകുളം ജില്ലാ ഭരണകൂടവും, കൊച്ചി സിറ്റി പൊലീസും, കൊച്ചി നഗരസഭയും. പാപ്പാഞ്ഞിയെ കത്തിക്കുന്ന ഡിസംബര്‍ 31ന് ഉച്ചയോടെ തന്നെ ഫോര്‍ട്ട് കൊച്ചിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും. അപകടരഹിതമായ കാര്‍ണിവല്‍ എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സുരക്ഷ കടുപ്പിക്കുന്നതും. 

 

വിവിധ വകുപ്പുകളുമായി സഹകരിച്ച് ദിവസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്കും തയാറെടുപ്പുകള്‍ക്കും ഒടുവിലാണ് ജില്ലാ ഭരണകൂടവും, പൊലീസും, നഗരസഭയും ചേര്‍ന്ന് സുരക്ഷാ പ്ലാന്‍ തയാറാക്കിയത്. പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ് നടക്കുന്ന പരേഡ് ഗ്രൗണ്ടിലേക്ക് ആളുകളെ കയറ്റാനും ഇറക്കാനും വ്യത്യസ്ത കവാടങ്ങളുണ്ടാകും. നിയന്ത്രിത അളവില്‍ മാത്രമേ ഗ്രൗണ്ടിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കൂ. പന്ത്രണ്ട് മണിക്ക് ശേഷം ആളുകളെ കൂട്ടത്തോടെ പുറത്തേക്ക് വിടില്ല. കലാപരിപാടികളും രാത്രി ഒരു മണിവരെ നീളും. ആംബുലന്‍സുകള്‍ക്ക് നഗരത്തിലേക്ക് പോകാനായി പ്രത്യേകമായി എമര്‍ജന്‍സി എക്സിറ്റും തയാറാക്കും. ഇതിലേക്ക് ആളുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രവേശനമുണ്ടാകില്ല.

 

ആയിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായ് വിന്യസിക്കുക. പത്ത് എസി.പി മാരുടേയും 25 സിഐ മാരുടേയും നേതൃത്വത്തിലുള്ള സംഘത്തിന് സുരക്ഷയുടെ നിയന്ത്രണം. മഫ്തിയില്‍ വനിതാ പൊലീസുമുണ്ടാകും. മദ്യപിച്ചെത്തുന്നവര്‍ക്കും ഫോര്‍ട്ട്കൊച്ചിയിലേക്ക് പ്രവേശനമുണ്ടാകില്ല.

 

31 ന് വൈകിട്ട് ഏഴ് മണിവരെ മാത്രമേ ഫോര്‍ട്ട് കൊച്ചിയിലേക്ക് ജങ്കാര്‍ സര്‍വീസ് ഉണ്ടാകൂ. പിന്നെ 12ന് വൈപ്പിനിലേക്ക് തിരിക്കുന്ന ജങ്കാറില്‍ വാഹനങ്ങളെ മാത്രമേ പ്രവേശിപ്പിക്കൂ. രാത്രി 12 മണിക്ക് ശേഷം നഗരത്തിലേക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകളുമുണ്ടാകും. സ്വകാര്യവാഹനങ്ങള്‍ക്ക് വേണ്ടി പശ്ചിമകൊച്ചിയില്‍ 26 പാര്‍ക്കിങ് ഗ്രൗണ്ടുകളും സജ്ജമാക്കുന്നുണ്ട്.

 

1000 police deployed to ensure safety in Cochin Carnival