സഹകരണബാങ്കിലെ വായ്പ കുടിശികയായ മൂന്ന് ലക്ഷത്തിത്തൊണ്ണൂറ്റിയേഴായിരത്തിലേറെ രൂപയില്‍ ഇളവ് തേടിയ ആള്‍ക്ക് വെറും 515 രൂപ ഇളവ് അനുവദിച്ചതില്‍ സര്‍ക്കാരിന് വന്‍ ട്രോള്‍. സദസില്‍ പോകാന്‍ ചിലവായ ഓട്ടോക്കൂലിയും ചായയുടെയും വെള്ളത്തിന്‍റെയും പണം കിഴിച്ച് 270 രൂപ മിച്ചമുണ്ടാകുമെന്നും അതിന് ഒരു ഫ്ലാറ്റും കാറും വാങ്ങണമെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പരിഹാസം. ബാക്കി വരുന്ന തുക സര്‍ക്കാരിന്‍റെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും അപ്പോഴും ലാഭം സര്‍ക്കാരിനാണെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.

 

ഞെട്ടിക്കുന്ന ഇളവില്‍ സര്‍ക്കാരിനെതിരെ വി.ടി ബല്‍റാമും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നവകേരള സദസ് വഴി പറഞ്ഞതല്ലേ, അദ്ദേഹത്തിന്‍റെ സ്വന്തം ജില്ലയുമല്ലേ.. ഇളവ് കഴിഞ്ഞ് ബാക്കി 3,97,216 രൂപ കൂടി അടച്ചാൽ പോരേ എന്നായിരുന്നു ബല്‍റാമിന്‍റെ പരിഹാസം. ബല്‍റാമിന്‍റെ പോസ്റ്റിങ്ങനെ..

 

 

ഏതായാലും ബഹു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് വഴി പറഞ്ഞതല്ലേ!

അദ്ദേഹത്തിന്റെ സ്വന്തം ജില്ലയല്ലേ !!

അതുകൊണ്ട് താങ്കൾക്ക് പരമാവധി ഇളവുകൾ നൽകാൻ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

എത്ര രൂപയുടെ ഇളവ്?

515 രൂപയുടെ ഇളവ് !

സന്തോഷമായില്ലേ? ഇനി ബാക്കി 3,97,216 രൂപ കൂടി അടച്ചാൽ പോരേ?

 

വീടിന്‍റെ അറ്റകുറ്റപ്പണിക്കായി കേരളബാങ്കിന്‍റെ ഇരിട്ടി ശാഖയില്‍ നിന്ന് നാല് ലക്ഷം രൂപയെടുത്തയാളാണ് ഇളവ് തേടി സര്‍ക്കാരിനെ സമീപിച്ചത്. ഡിസംബര്‍ ആറിന് തന്നെ പരാതി തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഇളവായ 515 രൂപ കിഴിച്ച് 3,97,216 രൂപ ഈ മാസം 31നകം ബാങ്കിലടയ്ക്കണമെന്നാണ് സഹകരണ സംഘം ജോയിന്‍റ്  റജിസ്ട്രാറുടെ അറിയിപ്പില്‍ പറയുന്നത്. 

 

Congress leaders against loan concession through Navakerala Sadas