hotel

TAGS

വിശന്നെത്തുന്നവർക്ക് സ്നേഹം വിളമ്പി കൊച്ചി ചക്കരപ്പറമ്പിലെ പ്രാഞ്ചിയേട്ടൻസ് അടുക്കള. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും സൗജന്യമായി കഴിക്കാം. കിടപ്പുരോഗികൾക്ക് ഭക്ഷണപ്പൊതികൾ വീടുകളിൽ എത്തിച്ചും കൊടുക്കുന്നു. സംരംഭത്തെക്കുറിച്ച് കേട്ടറിഞ്ഞ് ആവശ്യക്കാർ തേടിയെത്തുന്നതോടെ ഈ ക്രിസ്മസ് ദിനത്തിലും പ്രാഞ്ചിയേട്ടന്റെ അടുക്കളയ്ക്ക് വിശ്രമമില്ല. 

 പ്രാഞ്ചിയേട്ടന്റെ അടുക്കളയിലെ പ്രധാന രുചിക്കൂട്ട്, സ്നേഹവും സഹജീവികളോടുള്ള കരുതലും. അതിങ്ങനെ എല്ലാ വിഭവങ്ങളിലും മുൻപന്തിയിൽ ഉണ്ടാകും. 'അന്നദാനം മഹാപുണ്യം' എന്ന സന്ദേശമാണ് പ്രാഞ്ചിയേട്ടന്റെ അടുക്കളയിലൂടെ ഷിബു ഫ്രാൻസിസ് ചമ്മിണി പ്രചരിപ്പിക്കുന്നത്. അന്തരിച്ച പിതാവിന്റെ പേരിലുള്ള ചമ്മിണികോടത്ത് ഫ്രാൻസിസ് ആൻഡ് ഫാമിലി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏറ്റവും പുതിയ സംരംഭം. രാവിലെ എട്ടു മുതൽ 9 വരെയും ഉച്ചയ്ക്ക് 12 മുതൽ 2 വരെയും ഭക്ഷണം കഴിക്കാൻ ആർക്കും ഇവിടക്കെത്താം.

 ഓരോ ദിവസവും വ്യത്യസ്തമായ മെനു. നിലവിൽ 250 പേർക്ക് ഭക്ഷണം നൽകാൻ സൗകര്യമുണ്ട്. വീടുകളിലെ കിടപ്പുരോഗികൾക്കും പൊതിച്ചോറ് നൽകി വരുന്നു. ആശാവർക്കർമാരുടെ സഹകരണത്തോടെ പദ്ധതി വ്യാപിപ്പിക്കാനാണ് ഇനിയുള്ള ശ്രമം. അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ധനസഹായ പദ്ധതിയും ഷിബു ഫ്രാൻസിസ് ചമ്മിണിയുടെ മനസ്സിലുണ്ട്. 

Kochi chakkaraparambu hotel