വയനാട്ടിലെ വനങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശങ്കയുടെ ക്രിസ്മസ് കാലമാണിത്. വന്യമൃഗ ശല്യം രൂക്ഷമായ മേഖലയില്‍ പാതിരകുര്‍ബാനകളുടെ സമയത്തില്‍ മാറ്റം വരുത്തിയാണ് വിശ്വാസികള്‍ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കടക്കുന്നത്.

മനുഷ്യരാശിക്ക് പ്രത്യാശയുടെ സന്ദേശമാണ് ഓരോ ക്രിസ്മസ് കാലവും സമ്മാനിക്കുന്നത്. പ്രത്യാശയുടെ ആഘോഷങ്ങളില്‍ വയനാട്ടിലെ വനമേഖലയോടു ചേര്‍ന്നുള്ള ജനങ്ങള്‍ ഏറെ ജാഗ്രതയോടെയാണ് പങ്കെടുക്കുന്നത്. രാത്രികാലങ്ങളില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ പ്രാര്‍ഥനയില്‍ കവിഞ്ഞ് പലതും കയ്യില്‍ കരുതേണ്ടതുണ്ട്. ഇത്തവണ പാതിരാ കുര്‍ബാനകള്‍ പാതിരയാവും മുന്‍പ് തീര്‍ക്കാനുള്ള ശ്രമത്തിലാണ് ദേവാലയങ്ങള്‍.

മേഖലയിലെ വന്യജീവി ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുവാണ് നാട്ടുകാരും. പ്രതീക്ഷയുടെയും ആനന്ദത്തിന്‍റെയും നക്ഷത്രങ്ങള്‍ മാനത്ത് വിരിയുമ്പോഴും ആഘോഷങ്ങളില്‍ ഭയമറിയാതെ പങ്കെടുക്കണമെങ്കില്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

Wayanad wild animal attack