navakerala

തലസ്ഥാന ജില്ലയിൽ നവകേരള സദസ്സിനു കർശന സുരക്ഷ. പ്രതിഷേധം തടയാൻ വഴികളിലുടനീളം പൊലീസിനെ വിന്യസിച്ചെങ്കിലും നവകേരള ബസിന് നേർക്ക് യൂത്ത് കോൺഗ്രസ്  പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിഷേധിക്കാൻ എത്തിയ നിരവധി പേരെ  വിവിധയിടങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ, മാമത്ത് നടന്ന പ്രഭാത യോഗത്തിൽ ഡിസിസി അംഗവും മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗവും പങ്കെടുത്തത് പ്രതിപക്ഷത്തിന് ക്ഷീണമായി. നവകേരള സദസ്സ് ബഹിഷ്കരിക്കാനുളള യുഡിഎഫ് തീരുമാനം തെറ്റാണെന്ന് ഇരുവരും മനോരമ ന്യൂസിനോട് പറഞ്ഞു.

ഇന്നലെ യൂത്ത് കോൺഗ്രസ് ഉയർത്തിയ ശക്തമായ പ്രതിഷേധത്തിൻ്റെ തുടർച്ചയായി കൂടുതൽ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കർശന സുരക്ഷയാണ് നവകേരള സദസ്സിന് ഒരുക്കിയിരിക്കുന്നത്. വഴിയിലുടനീളം പൊലീസ് വിന്യാസം. സംശയം തോന്നുന്നവരെയെല്ലാം കരുതൽ തടങ്കലിലാക്കി. പ്രതിഷേധിക്കാൻ എത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകരെ ആറ്റിങ്ങലിന് അടുത്തുള്ള കോരാണി 18ആം മൈൽ, ചെമ്പകമംഗലം, പാലമൂട് എന്നിവിടങ്ങളിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനെല്ലാം ഇടയിലും, ചിറയിൻകീഴ് മണ്ഡല സദസ്സിൽ പങ്കെടുക്കാൻ പോകവെ കോരാണി 18ആം മൈലിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

രാവിലെ ആറ്റിങ്ങൽ മാമത്തെ പൂജ കൺവെൻഷൻ സെൻ്ററിൽ നടന്ന പ്രഭാത യോഗത്തിൽ പതിവ് പോലെ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. ഡിസിസി അംഗവം നെടുമങ്ങാട് നഗരസഭ കൗൺസിലറുമായ എം എസ് ബിനുവും, മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗവും കെഎംസിസി നേതാവുമായ ആർ നൗഷാദും ഇവരിൽ ഉൾപ്പെടുന്നു. യുഡിഎഫിൻ്റെ ബഹിഷ്‌കരണ ആഹ്വാനം ഇരുവരും തള്ളിക്കളഞ്ഞു. 

Trivandrum navakerala sadas safety