police

ശബരിമലയിൽ മണ്ഡല മകരവിളക്ക് പൂജകൾക്കായി 2,700 ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ഒരുങ്ങി പൊലീസ്. അധികമായി 500 പൊലീസുകാരെയാണ് ശബരിമലയിലേക്ക് എത്തിക്കുന്നത്. അതിനിടെ വീണ്ടും തിരക്ക് വർദ്ധിച്ചതോടെ 100 അധിക പൊലീസുകാരെ നാളെ സന്നിധാനത്ത് വിന്യസിക്കും.

ഒരു ഇടവേളക്കു ശേഷം ശബരിമലയിൽ വീണ്ടും തിരക്ക് വർദ്ധിക്കുകയാണ്. ക്രിസ്മസ് അവധി ദിവസങ്ങൾ ആരംഭിക്കുന്നതോടെ കൂടുതൽ തീർത്ഥാടകർ സന്നിധാനത്ത് എത്തും. ഇത് മുന്നിൽകണ്ടാണ് പോലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. നിലവിൽ പോലീസ്, ആർ.എ.എഫ്, ബോംബ് സ്ക്വാഡ്, സി.ആർ.പി.എഫ്, എൻ.ഡി.ആർ.എഫ് ഉൾപ്പെടെ 2150 ഉദ്യോഗസ്ഥരാണ് സന്നിധാനത്തും പരിസരപ്രദേശത്തും ഉള്ളത്.  മണ്ഡലക്കാലം ആകുന്നതോടെ 500 അധിക ഉദ്യോഗസ്ഥടക്കം 2700 പോലീസുകാരെത്തിക്കും. ആദ്യഘട്ടമായി 100 അധിക പോലീസുകാരെ  നാളെ സന്നിധാനത്ത് വിന്യസിക്കും.

രണ്ടാഴ്ച മുമ്പ് ഉദ്യോഗസ്ഥർ ഡ്യൂട്ടി മാറിയതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പവും തിരക്കും ഒഴിവാക്കാൻ ഈത്തവണ 50 ശതമാനം ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. ഇന്നലെ 50 ശതമാനം പുതിയ ഉദ്യോഗസ്ഥർ ചുമതലയേറ്റു.  ബാക്കിയുള്ള 50 ശതമാനം ഉദ്യോഗസ്ഥർ രണ്ടുദിവസത്തിനുശേഷം ഇറങ്ങും. 10 ഡിവിഷനുകളായി തിരിച്ചാണ് ശബരിമലയിൽ  ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 10 ഡിവൈഎസ്പി മാർ , 35 ഇൻസ്പെക്ടർമാർ, 105 എസ്ഐമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ തിരക്കുണ്ടാക്കാനുള്ള സാധ്യത മുന്നിൽക്കണ്ട്  മണിക്കൂറിൽ 4,000 മുകളിൽ ആളുകൾ പതിനെട്ടാം പടി കയറുന്നത് ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.

Sabarimala rush additional policemen will be deployed at sannidhanam tomorrow