അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളില്‍ കേരള സിലബസ് ഒഴിവാക്കി സി.ബി.എസ്.ഇ ആക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് ലക്ഷദ്വീപ് നിവാസികള്‍. സി.ബി.എസ്.ഇക്ക് മാത്രമല്ല നിലവാരമുള്ളതെന്നും തിടുക്കപ്പെട്ട് സിലബസ് മാറ്റാനുള്ള തീരുമാനം വിദ്യാര്‍ഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്നതാണെന്നും നാട്ടുകാര്‍ പറയുന്നു. 

 

'എഴുതിയും പഠിച്ചും വളര്‍ന്ന ഭാഷ മലയാളമാണ്. നിലവില്‍ ദ്വീപില്‍ കേരള സിലബസും, സിബിഎസ്ഇ സിലബസും പഠിപ്പിക്കുന്ന സ്കൂളുകളുണ്ട്. മികച്ച വിദ്യാഭ്യാസ നിലവാരം തന്നെയാണ് കേരള സിലബസ് പിന്തുടരുന്ന സ്കൂളുകളിലുള്ളത്. കേരള സിലബസ് ഇംഗ്ലിഷ് മീഡിയം സ്കൂളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു. വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് കേരള സിലബസ് മാറ്റി സിബിഎസ്ഇ ആക്കുന്നതെന്ന് പറയുന്നത് കേരളത്തെ കൂടി അപമാനിക്കുന്നതാണ്. കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഇതേ സിലബസ് പഠിച്ച് തന്നെയല്ലേ മല്‍സര പരീക്ഷകളില്‍ മുന്നിലെത്തുന്നത്? സംവരണമില്ലാതെ തന്നെ മല്‍സര പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ ദ്വീപിലെ വിദ്യാര്‍ഥികള്‍ക്കായിട്ടുണ്ട്. സിലബസ് മാറ്റുന്നതിന് പകരം സൗകര്യങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടത്. മെച്ചപ്പെട്ട ലാബ് സൗകര്യങ്ങള്‍ ദ്വീപിലില്ല. പോളിടെക്നിക് കോളജ് ആരംഭിച്ചുവെങ്കിലും അതിനുള്ള സൗകര്യങ്ങളില്ല. ഇത്തരം അടിസ്ഥാനപരമായ മേഖലയില്‍ മാറ്റം കൊണ്ടുവരാതെ സിലബസ് മാറ്റിക്കളയുന്നതിന് പിന്നില്‍ രഹസ്യ അജണ്ട സംശയിക്കേണ്ടിയിരിക്കുന്നു'വെന്നും കമ്യൂണിക്കേഷന്‍ പ്രൊഫഷണലായ മുജീബ് ഖാന്‍ പറയുന്നു.

 

ദ്വീപിലേക്കുള്ള കപ്പല്‍ (ഇടത്), വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ (വലത്)

വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ പ്രകാരം രണ്ട് മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഒന്‍പതാം ക്ലാസ് മുതല്‍ സി.ബി.എസ്.ഇയിലേക്ക് മാറ്റുകയാണ്. ഇത് ഗുരുതര പ്രത്യാഘാതമാകും ഉണ്ടാക്കുക. അന്ന് വരെ കേരള സിലബസ് പഠിച്ചുവന്ന കുട്ടികള്‍ ഒന്‍പതും, പത്തും ക്ലാസുകളില്‍ എങ്ങനെ സി.ബി.എസ്.ഇ പിന്തുടരാനാണ്? ഇത് കുട്ടികളില്‍ അനാവശ്യ ഉത്കണ്ഠ വളര്‍ത്തുമെന്ന് അധ്യാപകരും പറയുന്നു. ക്ലാസുകളുടെയും ടീച്ചര്‍മാരുടെയും എണ്ണം വെട്ടിച്ചുരുക്കുന്നതടക്കമുള്ള അജണ്ടകള്‍ ഇതിന് പിന്നിലുണ്ടോയെന്ന സംശയവും ദ്വീപ് നിവാസികള്‍ പ്രകടിപ്പിക്കുന്നുണ്ട്. 

 

പുതിയ അഡ്മിനിസ്ട്രേറ്റര്‍ വന്ന കാലം മുതല്‍ കേരള വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും ആദ്യം കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനായി ഭരണതലത്തില്‍ ഇടപെടലുകള്‍ നടത്തുന്നുവെന്ന് ആരോപിക്കുന്നവരും കുറവല്ല. ഹൈക്കോടതി മാറ്റാന്‍ ശ്രമിച്ചതും, ഡിഗ്രി കോഴ്സുകള്‍ കലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ നിന്നും പോണ്ടിച്ചേരി സര്‍വകലാശാലയിലേക്ക് മാറ്റിയതും, മംഗലാപുരവുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമം തുടരുന്നതുമെല്ലാം നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ദ്വീപില്‍ കോഴ്സുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും പഠനത്തിനാവശ്യമായ  സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പൊടുന്നനെ സിലബസ് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചുവെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടെന്നാണ് രാഷ്ട്രീയപ്രവര്‍ത്തകരടക്കം പറയുന്നത്. 

 

ദ്വീപിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും മാറുന്ന വിദ്യാഭ്യാസ പരിസ്ഥിതിക്കനുസരിച്ച് വിദ്യാര്‍ഥികളെ മാറ്റുന്നതിനുമായി കേരള സിലബസ് മലയാളം മീഡിയത്തില്‍ നിന്നും അടുത്ത അധ്യയന വര്‍ഷം മുതല്‍ സി.ബി.എസ്.ഇ സിലബസിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നത്. 21–ാം നൂറ്റാണ്ടിലെ മല്‍സര പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനും കൂടുതല്‍ മികവുറ്റവരാക്കുന്നതിനും കൂടിയാണ് ഈ തീരുമാനമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ രാകേഷ് ദഹിയ പറയുന്നു.  പുതിയ അധ്യയന വര്‍ഷത്തിലെ ഒന്നാം ക്ലാസുകള്‍ മുതല്‍ സി.ബി.എസ്.ഇ പ്രകാരം ആയിരിക്കും.നിലവിൽ രണ്ടു മുതൽ എട്ടുവരെയുള്ള വിദ്യാര്‍ഥികളെ അടുത്തവർഷം സി.ബി.എസ്.ഇ സിലബസിലേക്ക് മാറ്റും. ഒന്‍പത്, 10 ക്ലാസുകളിലെ കുട്ടികൾക്ക് നിലവിലെ സിലബസിൽ തന്നെ പരീക്ഷയെഴുതാം. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള ത്രിഭാഷ പദ്ധതിക്ക് കീഴില്‍ ഇംഗ്ലിഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകളുണ്ടാകുമെന്നും ഒന്ന് മുതല്‍ 12 വരെ ഇത് ബാധകമാണെന്നും സര്‍ക്കുലര്‍ വിശദീകരിക്കുന്നു. ഇതനുസരിച്ച് മലയാളം ഐച്ഛിക വിഷയമായി പഠിക്കാമെന്നും സര്‍ക്കുലര്‍ പറയുന്നു. എന്നാല്‍ മലയാളം മീഡിയം ഇല്ലാതെയാകുന്നതോടെ അറബി ഭാഷ പഠിക്കാന്‍ അവസരമുണ്ടാകില്ലെന്ന് ദ്വീപുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

 

Lakshadweep people express their concerns over syllabus  change