ഡീപ്ഫെയ്ക് പോലെ നിര്‍മിതബുദ്ധി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് നിര്‍മിതബുദ്ധി തന്നെ മറുമരുന്ന് കണ്ടെത്തുമെന്ന് ഗൂഗിള്‍ ഡീപ്മൈന്‍ഡ് ഡയറക്ടര്‍ ദിലീപ് ജോര്‍ജ്. എഐയുടെ സാധ്യതകള്‍ കൂടുതല്‍ അറിയുന്നതോടെ മനുഷ്യനും കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുമെന്ന് അദ്ദേഹം മനോരമ ന്യൂസുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
ഡീപ്ഫെയ്ക്, എഐ പണിയാവുമോ അതോ പണികിട്ടുമോ, റോബോട്ടുകള്‍ മനുഷ്യരെ കീഴടക്കുമോ അതോ സേവകരാവുമോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കാണ് ഇടുക്കി കരിമണ്ണൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് മുംബൈ ഐഐടി വഴി അമേരിക്കയിലെ സ്റ്റാന്‍ഫഡില്‍ പഠിച്ച് സ്വന്തം സ്ഥാപനം തുടങ്ങി ഒടുവില്‍ ഗൂഗിളിലെത്തിയ ദിലീപ് മറുപടി പറയുന്നത്. മാര്‍ക് സക്കര്‍ബര്‍ഗ്, ജെഫ് ബെസോസ്, ഇലോണ്‍ മസ്ക് തുടങ്ങി ടെക് ലോകത്തെ ഭീമന്മാര്‍ പണം മുടക്കിയ 'വൈകേരിയസ്' കമ്പനി തുടങ്ങിയ ദിലീപ് ഇപ്പോള്‍ റോബോട്ടുകളെ എത്രമാത്രം മനുഷ്യനെപ്പോലെ ചിന്തിപ്പിക്കാന്‍ കഴിയുമെന്ന ഗവേഷണത്തിലാണ്. ഇതിനായി ന്യൂറോസയന്‍സും അദ്ദേഹം പഠിച്ചു.
വന്‍കിട മരുന്നുകമ്പനികള്‍ മുതല്‍മുടക്കാത്ത വികസ്വരരാജ്യങ്ങളിലെ രോഗങ്ങള്‍ക്കുള്ള മരുന്നുഗവേഷണത്തിന് എഐ ഏറെ സഹായകമാവും എന്നും നിലവിലുള്ള പല ജോലികളും കാര്യശേഷിയുള്ളതാക്കാന്‍ നിര്‍മിതബുദ്ധിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എഐ ഏതൊക്കെ പണി ഇല്ലാതാക്കും, പണി കിട്ടാനുള്ള വഴികള്‍ തുടങ്ങി റോബോട്ടുകള്‍ ഭാവിയില്‍ മനുഷ്യരെപ്പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശേഷി നേടുമോ എന്നു തുടങ്ങി വരുംകാലവെല്ലുവിളികളെയും സാധ്യതകളെയും വ്യക്തമാക്കുന്ന അഭിമുഖം മനോരമ ന്യൂസിലും മനോരമന്യൂസ്. കോമിലും കാണാം.
Google DeepMind Director Dilip George interview