മാധ്യമപ്രവര്‍ത്തക സൗമ്യാ വിശ്വാനാഥന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ കിട്ടി ദിവസങ്ങള്‍ക്കുള്ളില്‍ പിതാവ് മരിച്ചു. ഇന്നലെയാണ് സൗമ്യയുടെ പിതാവ് 82 വയസുള്ള എം കെ വിശ്വനാഥന്‍ മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് സൗമ്യാകേസിലെ വിധിപ്രസ്താവത്തിനു രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് വിശ്വനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശിക്ഷാപ്രഖ്യാപനം ഐസിയുവിലിരുന്ന് ഓണ്‍ലൈനായി അദ്ദേഹം കണ്ടിരുന്നു.
അദ്ദേഹം അങ്ങേയറ്റം ക്ഷീണിതനെങ്കിലും കോടതി നടപടികള്‍ കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കുടുംബം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഓണ്‍ലൈനായി അദ്ദേഹം നടപടികള്‍ വീക്ഷിച്ചത്. 26കാരിയായ സൗമ്യ 2008ലാണ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട് 15 വര്‍ഷത്തെ മാതാപിതാക്കളുടെ നിയമപോരാട്ടത്തിനൊടുവിലാണ് സൗമ്യാകൊലക്കേസില്‍ ശിക്ഷ പ്രഖ്യാപിച്ചത്. രാത്രി ജോലി കഴിഞ്ഞ് വസന്ത്കുഞ്ജിലെ വീട്ടിലേക്ക് മടങ്ങവെ സൗമ്യയെ മോഷ്ടാക്കള്‍ ആക്രമിക്കുകയായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യയ്ക്ക് വെടിയേറ്റു. കേസില്‍ 2009 ല്‍ രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പ്രതികള്‍ അറസ്റ്റിലായി. എന്നാല്‍ വിചാരണ നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ മാസം പുതിയ ജഡ്ജിയെ നിയമിച്ചതോടെയാണ് വിചാരണ വേഗത്തിലായത്. വിചാരണ നീണ്ടുപോകുന്നതിനെതിരെയും അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു.
Soumya Vishwanathan's father dies