ഡല്‍ഹി കേരള ഹൗസില്‍ ചട്ടം മറികടന്നു എന്‍.ജി.ഒ യൂണിയന്‍ നേതാവിനെ കണ്‍ട്രോളര്‍ തസ്തികയില്‍ നിയമിക്കാനുള്ള ഫയലില്‍ ഉടക്കിട്ട് ധനവകുപ്പ്. അധിക സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് ഫയലില്‍ തീരുമാനമെടുക്കാത്തത്. ഐ.എ.എസു കാരെ നിയമിച്ചിരുന്ന പദവിയില്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും റിസപ്ഷന്‍ മാനേജരുമായ കെ.എം.പ്രകാശനെ നിയമിക്കാനുള്ള ഫയല്‍ കഴിഞ്ഞ ദിവസമാണ് പൊതുഭരണ വകുപ്പില്‍ നിന്നു ധനവകുപ്പിലെത്തിയത്
ഐ.എ.എസുകാര്‍, സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നിവര്‍ ഡെപ്യൂട്ടേഷനിലെത്തുന്ന പദവിയാണ് കേരളഹൗസിലെ കണ്‍ട്രോളര്‍ തസ്തിക. ഇതിലേക്ക് കേരളഹൗസ് ജീവനക്കാരനെത്തുമ്പോള്‍ ധനവകുപ്പിനു അധിക ബാധ്യതയാകും. മാത്രമല്ല നിലവില്‍ കെ.എം.പ്രകാശന്‍ വഹിക്കുന്ന റിസപ്ഷന്‍ മാനേജര്‍ തസ്തിക ഗസറ്റഡ് പദവിയിലേക്ക് ഉയര്‍ത്തുകയും വേണം. ഇതെല്ലാം കണക്കിലെടുത്ത് മന്ത്രിയുടെ തീരുമാനം കൂടി അറിഞ്ഞശേഷം തീരുമാനമെടുക്കാമെന്നാണ് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാളിന്‍റെ നിലപാട്. കണ്ണൂര്‍ സ്വദേശിയും എന്‍.ജി.ഒ യൂണിയന്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ് കെ.എം.പ്രകാശന്‍. ചട്ടങ്ങള്‍ മറികടന്നുള്ള നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലെ ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് കോടതിയില്‍ പോകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഉദ്യോഗസ്ഥരുടെ എതിര്‍പ്പ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ താല്‍പര്യമാണെന്നു ചൂണ്ടിക്കാണിച്ച് ഫയല്‍ വേഗത്തിലാക്കാനാണ് കഴിഞ്ഞ ദിവസം പൊതുഭരണ സെക്രട്ടറിയുടെ നിര്‍ദേശം നല്‍കിയത്.
Appointment of ngo leader in kerala house