ck-nanu

ബെംഗളൂരു പ്ലീനറിയില്‍ യഥാര്‍ഥ ജനതാദള്‍ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ച് ദേശീയ വൈസ് പ്രസിഡന്‍റ് സി.കെ. നാണു. ഇതോടെ JDS പിളരുമെന്ന് ഉറപ്പായി. യഥാര്‍ഥ JDS ആരെന്ന കാര്യത്തില്‍ നിയമപോരാട്ടങ്ങള്‍ക്കും ഇതിനൊപ്പം തുടക്കമാകും. സംസ്ഥാന മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാവ് കെ. കൃഷ്ണന്‍കുട്ടിയുടെ സാനിധ്യവും ചോദ്യചിഹ്നമായി മാറും. 

എന്‍ഡിഎയുടെ സഖ്യകക്ഷിയാകാനുള്ള പാര്‍ട്ടി തിരുമാനത്തെ ചൊല്ലിയുള്ള കലഹം ജെഡിഎസില്‍ ശമിച്ചിട്ടില്ല. തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ് വിമത വിഭാഗം. ശനിയാഴ്ച്ച ബെംഗളൂരുവില്‍ ചേരുന്ന ദേശീയ കൗണ്‍സിലിലും ഇക്കാര്യം ആവശ്യപ്പെടും. 

നാളത്തെ യോഗത്തിലും കേരളത്തിലെ എംഎല്‍എമാര്‍ പങ്കെടുത്തില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയിലേയ്ക്ക് കടക്കും. എന്‍ഡിഎ ഐക്യത്തോട് യോജിപ്പില്ലെങ്കിലും വിമത നീക്കത്തിന് താല്‍പ്പര്യം കാണിക്കാത്ത സംസ്ഥാന നേതൃത്വം കേരളത്തില്‍ സ്വതന്ത്രനിലപാടെടുത്ത് മുന്നോട്ട് പോകാമെന്ന ധാരണയിലാണ്. എന്നാല്‍ ഈ രീതിയില്‍ എത്രകാലം മുന്നോട്ട് പോകാനാകുമെന്നാണ് സി.കെ. നാണുവിന്‍റെയും കൂട്ടരുടേയും ചോദ്യം. മാത്യു ടി തോമസിനും കെ. കൃഷ്ണന്‍കുട്ടിക്കുമെതിരെ മുഖ്യമന്ത്രിയെ കാണാനാണ് സി.കെ. നാണുവിന്‍റെ തീരുമാനം. ഇത് കൃഷ്ണന്‍കുട്ടിയുടെ മന്ത്രിസ്ഥാനവും പ്രതിസന്ധിയിലാക്കിയേക്കും.  ജെഡിഎസ് കര്‍ണാടക മുന്‍ പ്രസിഡന്‍റ് സി.എം. ഇബ്രഹാമിനെ ദേശീയ പ്രസി‍ഡന്‍റാക്കി  കോര്‍കമ്മറ്റി ഉണ്ടാക്കാനാണ് നീക്കം. എന്നാല്‍ ഈ നീക്കത്തെ ഗൗനിക്കേണ്ടെന്ന നിലപാടിലാണ് ദേവഗൗഡയും കൂട്ടരും.