സിറോ മലബാര്‍ സഭാധ്യക്ഷന്റെയും, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെയും രാജി എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ സഭാ നേതൃത്വം. ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള അവസാന അവസരമെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഒത്തുതീര്‍പ്പുകളുണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് വത്തിക്കാന്‍ കടക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തും രാജി പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ മുറ്റത്ത് പടക്കം പൊട്ടിച്ചാണ് ഒരു വിഭാഗം ആഘോഷിച്ചത്. സഭാ തലവനെതിരെ അടക്കം നടത്തിയ പ്രതിഷേധങ്ങള്‍ ഭാഗികമായി ഫലം കണ്ടുവെന്നായിരുന്നു വാദം. എന്നാല്‍ അതിരൂപതയില്‍ നിലനില്‍ക്കുന്ന ഭരണ, അജപാലന പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള സമവായനീക്കമാണ് സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മറുവിഭാഗം വാദിക്കുന്നു. അസാധാരണ നടപടിയിലൂടെ വീഡിയോ സന്ദേശം നല്‍കിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതും സംഘര്‍ഷം അവസാനിപ്പിക്കണമെന്നാണ്. ഇതിന് തയാറായില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടികളിലേക്ക് സഭ നേതൃത്വം നീങ്ങുമെന്ന സൂചനയും ശക്തമാണ്. ക്രിസ്മസിന് സിനഡ് തീരുമാനപ്രകാരമുള്ള കുര്‍ബാന അര്‍പ്പിക്കണമെന്ന് മാര്‍പ്പാപ്പയുടെ സന്ദേശത്തിലുണ്ടെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം ഇതുവരെ അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ വീഡിയോ സന്ദേശത്തിന്റെ ഉള്ളടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. മാര്‍പ്പാപ്പയുടെ പ്രതിനിധിയായി നിയമിച്ച ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍ വീണ്ടും എത്തുമെന്ന സൂചനകളും ശക്തമാണ്.
Change of position in syro malabar church follow up