സിപിഐ പത്തനംതിട്ട ജില്ലാക്കമ്മിറ്റിയുടെ ചുമതല നാളെ മുതിര്‍ന്ന നേതാവ് മുല്ലക്കര രത്നാകരന്‍ ഏറ്റെടുക്കും. ജില്ലാ പഞ്ചായത്തംഗം നല്‍കിയ പരാതിയിലാണ് ജില്ലാ സെക്രട്ടറി എ.പി.ജയനെ മാറ്റാന്‍ തീരുമാനമായത്. എ.പി.ജയന് പിന്തുണ അര്‍പ്പിച്ച് കൂട്ടരാജിക്കുള്ള ചില ലോക്കല്‍ കമ്മിറ്റികളുടെ ശ്രമം പൊളിഞ്ഞു
കഴിഞ്ഞയാഴ്ചയാണ് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെ മാറ്റിനിര്‍ത്താന്‍ തീരുമാനമായത്. പരാതിക്കാരി സിപിഐയുടെ തന്നെ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് . ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സീറ്റിന് പണം ചോദിച്ചു, വഴിവിട്ടരീതിയില്‍ പണം സമ്പാദിച്ച് ആറ് കോടിയുടെ ഫാം കെട്ടിപ്പൊക്കി, ക്വാറി മാഫിയയുടെ സഹായം സ്വീകരിച്ചു, അപവാദ പ്രചാരണം നടത്തി തുടങ്ങി ഗുരുതര ആരോപണങ്ങളില്‍ വസ്തുതയുണ്ട് എന്ന് കണ്ടെത്തിയാണ് സിപിഐ നടപടി എടുത്തത്.
എ.പി.ജയനെതിരായ നടപടിക്ക് പിന്നാലെ സൈബര്‍ ആക്രമണമെന്ന ശ്രീനാദേവിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പരസ്യ ആക്ഷേപത്തില്‍ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട ആള്‍ക്കാര്‍ക്കെതിരെ സംഘടനയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. കൂട്ട രാജി നീക്കമെന്ന വാര്‍ത്ത പരന്നതോടെയാണ് പത്തനംതിട്ട പെരിങ്ങനാട് തെക്ക്, റാന്നി സിപിഐ ലോക്കല്‍ കമ്മിറ്റിയോഗങ്ങള്‍ക്ക് ക്വോറം തികയാതെ പോയത്. മാറ്റിനിര്‍ത്തല്‍ നടപടി അംഗീകരിക്കില്ല എന്നാണ് എ.പി.ജയന്‍റെ നിലപാട്. അച്ചടക്ക നടപടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കണം എന്നും ഔദ്യോഗിക അറിയിപ്പ് കിട്ടട്ടെ എന്നുമാണ് എ.പി.ജയന്‍പറയുന്നത്.
നടപടിയെടുത്താല്‍ സിപിഐ വിട്ട് ബിഡിജെഎസിലേക്ക് പോകുമെന്ന് എ.പി.ജയന്‍ നിലപാട് എടുത്തതായും ആരോപണം ഉണ്ട്. ചുമതലയില്‍ നിന്ന് മാറ്റാനുള്ള തീരുമാനത്തിന് പിന്നാലെ ബിഡിജെഎസ് നേതാക്കള്‍ എ.പി.ജയനെ സന്ദര്‍ശിച്ചതോടെയാണ് ആരോപണം ശക്തമായത്. ചെങ്കൊടി പുതച്ചു മരിക്കുമെന്നു തന്നെയാണ് തീരുമാനമെന്ന് എ.പി.ജയനും പറയുന്നു
Mullakkara Ratnakaran will take charge as CPI Pathanamthitta district secretary