padmakumar-prison

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനിതകുമാരിക്ക് വീടുായി ബന്ധമില്ലെന്ന് അമ്മ. മൂന്നുവര്‍ഷത്തോളമായി മകളുമായി അടുപ്പമില്ലെന്നും അച്ഛന്‍ മരിച്ചിട്ടുപോലും അനിത വീട്ടിലെത്തിയില്ലെന്നും അമ്മ വെളിപ്പെടുത്തി.ആറുമാസത്തിനകം തിരികെ നല്‍കാമെന്ന് പറഞ്ഞ് ഭൂമിയും സ്വത്തും തട്ടിയെടുത്തു. തന്നെ വാടകവീട്ടിലാക്കി കിടപ്പാടം കൈക്കലാക്കാനും ശ്രമിച്ചുവെന്നും അമ്മ പറയുന്നു. ഭൂമിയുടെ ആധാരം തിരികെ കിട്ടാന്‍ പഞ്ചായത്ത് മെമ്പര്‍ ജലജയുടെ സാന്നിധ്യത്തില്‍ ചാത്തന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ പത്മകുമാര്‍ ചവിട്ടി വീഴ്ത്തിയെന്നും മകള്‍ ചെയ്ത ക്രൂരതയ്ക്ക് ഇൗശ്വരന്‍ പ്രതിഫലം നല്‍കട്ടെയെന്നും അവര്‍ സങ്കടത്തോടെ പറയുന്നു. 

അറസ്റ്റിലായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം സ്വദേശി കെ.ആർ.പത്മകുമാറിനെ (51) താമസിപ്പിച്ചിരിക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിലാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ ജി.സന്ദീപാണ് സെല്ലില്‍ ഒപ്പമുള്ളത്. പത്മകുമാറിന്റെ സുരക്ഷയെ കരുതിയാണ് അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റിയതെന്ന് പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർ പറഞ്ഞു.

 

സെല്ലിൽ 24 മണിക്കൂറും ജീവനക്കാരുടെ നിരീക്ഷണമുണ്ട്. സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പൂജപ്പുര ജയിലില്‍ അതീവ സുരക്ഷയുള്ള 6 സെല്ലുകളാണുള്ളത്. കൊല്ലം കലക്ട്രേറ്റിൽ സ്ഫോടനം നടത്തിയവർ ഉൾപ്പെടെ, ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ടവരാണ് അതീവ സുരക്ഷാ സെല്ലിലുള്ളത്. പത്മകുമാറിനെ മറ്റു പ്രതികൾ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.ശാന്തമായാണ് പത്മകുമാർ പെരുമാറുന്നതെന്ന് ജയിൽ അധികൃതർ പറഞ്ഞു.