കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയില്‍ നിന്ന് സ്വകാര്യആശുപത്രികള്‍ പൂര്‍ണമായും പിന്മാറിയിട്ട് രണ്ട് മാസം പിന്നിടുമ്പോള്‍ വിദഗ്ധ ചികിത്സയ്ക്ക് വഴിയില്ലാതെ നിര്‍ധന രോഗികള്‍. മുന്നൂറ് കോടിയോളം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക. പണം ലഭിക്കാതെ സര്‍ക്കാര്‍ ചികിത്സാപദ്ധതികള്‍ ഏറ്റെടുക്കില്ലെന്ന കര്‍ശന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷന്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും പേരിന് മാത്രമാണ് ഇപ്പോള്‍ സൗജന്യ ചികിത്സ.
പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഭാര്യയുമായി പുലര്‍ച്ചെ കിഴക്കമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴുണ്ടായ അനുഭവമാണ് അമ്പലമേട് സ്വദേശിയായ ഗോപിനാഥന്‍ വിശദീകരിച്ചത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ചികിത്സയുടെ പേരിലുണ്ടാകുന്ന സാമ്പത്തിക ബാധ്യതയില്‍ നിന്ന് ആശ്വാസം നല്‍കുന്ന പദ്ധതിയായിരുന്നു കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി.
പ്രധാനമായും സ്വകാര്യ ആശുപത്രികള്‍ വഴിയായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. കാസ്പ് പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. എന്നാല്‍ 64 ലക്ഷത്തോളമുള്ള ഉപഭോക്താക്കള്‍ക്കുള്ള കാരുണ്യം അവസാനിപ്പിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ തീരുമാനിച്ചത് കുടിശിക മുന്നൂറ് കോടിയെത്തിയപ്പോഴാണ്.15 കോടിവരെ കിട്ടാനുള്ള ആശുപത്രികളുണ്ട്. പദ്ധതി നിലച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ കഴിയാത്തവര്‍ വീണ്ടും മെഡിക്കല്‍ കോളജുകള്‍ക്ക് മുന്‍പില്‍ ക്യൂ നില്‍ക്കേണ്ട സ്ഥിതിയിലാണ്. പദ്ധതിയിലുള്‍പ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കും വന്‍ തുകയാണ് കുടിശികയാണ്. കാര്‍ഡിയോളജിയടക്കമുള്ള സ്പെഷല്‍റ്റി വിഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍ക്ക് പണം നല്‍കേണ്ട അവസ്ഥയിലാണ് ഇന്‍ഷുറന്സ് പരിരക്ഷയുള്ളവര്‍. മുന്‍കൂര്‍ പണം നല്‍കാതെ ഉപകരണങ്ങളും മരുന്നുകളും നല്‍കാന്‍ ഏജന്‍സികള്‍ തയാറാകാത്തത് മെഡിക്കല്‍ കോളജുകളിലേയും ജനറല്‍ ആശുപത്രികളിലേയും പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്.
Karunya health insurance scheme has been discontinued