(അന്തരിച്ച ദളിത് ചിന്തകനും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. എം. കുഞ്ഞാമന്‍ കേരളത്തിലെ ഇടതുപക്ഷത്തെ കണ്ടതെങ്ങനെ എന്ന് പരിശോധിക്കുന്നു)

‘എന്നെ ചവുട്ടിത്താഴ്ത്തിയതില്‍ വലതുപക്ഷക്കാരേക്കാള്‍ ഇടതുപക്ഷക്കാരാണ്. ഞാന്‍ ഇടതുപക്ഷ വിശ്വാസിയാണ്. മാര്‍ക്സിസ്റ്റ് തത്ത്വശാസ്തവും ആശയസംഹിതകളും അംഗീകരിക്കുന്നയാളാണ്. എന്നാല്‍, ഇടതുപക്ഷക്കാരില്‍ നിന്ന്, മാര്‍ക്സിസ്റ്റുകാരില്‍ നിന്നാണ് ഏറെ പ്രതിബന്ധങ്ങളുണ്ടായിട്ടുള്ളത്'.

ഇ.എം.എസിനെ ഗുരുനാഥനായി കണ്ട പ്രൊഫ. എം. കുഞ്ഞാമന്‍ മുന്നോട്ടുവച്ച ചിന്തകള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു സി.പി.എമ്മിന്. വര്‍ഗ രാഷ്ട്രീയത്തിന്‍റെ കറുപ്പിന്‍റെയും വെളുപ്പിന്‍റെയും കളങ്ങള്‍ക്ക് പുറത്ത് സ്വത്വത്തെ തേടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയം. സി.പി.എം അഭിമാനത്തോടെ പറഞ്ഞുകൊണ്ടിരുന്ന പല കാര്യങ്ങളെയും നിര്‍ദാക്ഷണ്യം അദ്ദേഹം വിമര്‍ശിച്ചു.

മാര്‍ക്സിസ്റ്റുകാര്‍ ദളിത് വിഭാഗങ്ങള്‍ക്ക് എതിരാണെന്ന് അദ്ദേഹം മറയില്ലാതെ പറഞ്ഞു. ഭൂപരിഷ്കരണം നടപ്പിലാക്കിയപ്പോള്‍ പരമ്പരാഗത ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമി കിട്ടിയില്ലെന്ന് ചൂണ്ടിക്കാണിച്ചു. പാട്ടക്കാർക്കാണ് ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടിയത്. കൃഷിയിൽ താൽപര്യമുള്ളവർക്ക് ഭൂമി കിട്ടാത്തത് കാർഷിക മേഖലയിലെ മുരടിപ്പിനു തന്നെ കാരണമായതായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. 

ഉയര്‍ന്ന ജാതിക്കാര്‍ക്ക് ജാതി എപ്പോഴും മേല്‍ക്കോയ്മയുടെ അടയാളമായിരിക്കുമെന്ന് സ്ഥാപിക്കാന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിനെ തന്നെ ഉദാഹരണമാക്കിയിട്ടുണ്ട് എം. കുഞ്ഞാമന്‍. സഖാവായിരിക്കുമ്പോള്‍ തന്നെ നായരും പിള്ളയുമെല്ലാം പേരിനൊപ്പം ചേര്‍ക്കുന്നത് മേല്‍ക്കോയ്മ കാണിക്കാന്‍ തന്നെയാണെന്നാണ് അദ്ദേഹം വിലയിരുത്തിയത്. മലയാളിയായ പ്രകാശ് കാരാട്ട് കേരളത്തില്‍ വന്ന് ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നതിനെയും ഇതേ മേല്‍ക്കോയ്മാ പ്രകടനമായി വിമര്‍ശിച്ചു.

ജാതി എന്ന യാഥാര്‍ഥ്യത്തെ വിലയിരുത്തുന്നതിലുണ്ടായ പോരായ്മ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പിന്നോട്ടുപോയതിന്‍റെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. എം. കുഞ്ഞാമനും ഈ വിമര്‍ശനം ഉണ്ടായിരുന്നു. മൂര്‍ത്തമായ രീതിയില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ജാതിയെ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാതിയെ ഭൂപ്രശ്നവുമായി ബന്ധപ്പെടുത്തിയായിരുന്നു കുഞ്ഞാമന്‍ കണ്ടത്. ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടിനെ അദ്ദേഹം വിമര്‍ശിച്ചു. കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഭൂസമരങ്ങള്‍ പലതും പരിശോധിച്ചാല്‍ കുഞ്ഞാമന്‍റെ വിമര്‍ശനത്തിലെ കാമ്പ് കണ്ടെത്താം. കൂലിക്കു വേണ്ടിയുള്ള സമരം അംഗീകരിക്കുന്നതും ഭൂമിക്കു വേണ്ടിയുള്ള സമരം അടിച്ചമർത്തുന്നതും കേരളത്തിലെ പ്രതിഭാസമാണ്.

മുതലാളിത്തത്തെ കുറിച്ചുള്ള സമീപനത്തില്‍ രണ്ടറ്റത്തായിരുന്നു സി.പി.എമ്മിനും കുഞ്ഞാമനും. മുതലാളിത്തത്തെ ഏറ്റവും നല്ല സാമൂഹിക അവസ്ഥയായി കണ്ടു കുഞ്ഞാമന്‍. ലാഭം മാത്രം ലക്ഷ്യമിടുന്ന മുതലാളിത്തം താത്വികമായി ജാതീയതയ്ക്കും മതത്തിനും എതിരാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. മുതലാളിത്തം അല്ല അസമത്വം സൃഷ്ടിച്ചതെന്ന് ഭൂതകാലത്തിലേക്ക് നോക്കി കുഞ്ഞാമന്‍ പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മുതലാളിത്തം പ്രവര്‍ത്തിച്ചതെങ്ങനെയെന്ന് പരിശോധിച്ചാല്‍ ജാതിവിരുദ്ധത താത്വികം മാത്രമായി പോകുന്നതു കാണാം. സംവരണം സ്വകാര്യമേഖലയിലും വേണമെന്ന വാദം ഇപ്പോഴും ഉയരുന്നത് അതുകൊണ്ടാണല്ലോ.

മതം മാത്രമല്ല, രാഷ്ട്രീയവും തിരസ്കരിക്കപ്പെടണം എന്നാണ് കുഞ്ഞാമന്‍ പറയുന്നത്. സമൂഹത്തേക്കാള്‍ വ്യക്തിയാണ് അദ്ദേഹത്തിന്‍റെ ചിന്താലോകത്ത് പ്രധാനം. സമ്പത്തിനു മേൽ നിയന്ത്രണം കൈവരിക്കുകയാണ് വേണ്ടത്. ദളിത്- ആദിവാസി വിഭാഗങ്ങളിൽ നിന്ന് സമ്പന്നർ ഉണ്ടാകണം. രണ്ടാമത്തെ പരിഹാരമായി അദ്ദേഹം കാണുന്നത് വിദ്യാഭ്യാസമാണ്. മികച്ച അക്കാദമിക് പശ്ചാത്തലമുള്ള, ചിന്തിക്കുന്നവർ ദളിത് ജനവിഭാഗത്തിൽ നിന്ന് ഉയർന്നുവരണം. ഇക്കാര്യത്തിൽ അംബേദ്ക്കറിന്‍റെ ചിന്തയാണ് എം.കുഞ്ഞാമനെ നയിച്ചത്.

സമ്പത്ത് എന്ന ശക്തിയെ വ്യാഖ്യാനിക്കുമ്പോഴും, അതിന്‍റെ പ്രയോഗത്തെക്കുറിച്ച് ആലോചിക്കുമ്പോഴും മാർക്സിയൻ ചിന്തകളുടെ സ്വാധീനം അദ്ദേഹത്തിൽ പ്രകടമാണ്. ഏറ്റവുമൊടുവിൽ സി.പി.എമ്മിന്‍റെ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച് അംഗീകരിച്ച വികസനരേഖയേയും ശക്തമായി വിമർശിച്ചിരുന്നു എം. കുഞ്ഞാമൻ. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപത്തെ പ്രോല്‍സാഹിപ്പിക്കുന്നത് ഉദാരവൽക്കരണ നയം തന്നെയാണെന്ന് തുറന്നു പറഞ്ഞു. ഇങ്ങനെ വരുമ്പോൾ സാമൂഹിക നീതി ഉറപ്പാക്കും എന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ആദ്യം അട്ടിമറിക്കപ്പെടുന്നത് സാമൂഹ്യനീതി ആയിരിക്കുമെന്നാണ് എം. കുഞ്ഞാമൻ പറഞ്ഞത്. ചരിത്രപരമായി തന്നെ ഇടതു സർക്കാരുകൾ ചെയ്യുന്ന സാമൂഹ്യ സുരക്ഷയെ തള്ളി സാമ്പത്തിക സുരക്ഷയെ പകരം നിർത്തുകയാണ് എം. കുഞ്ഞാമൻ ചെയ്യുന്നത്. ഡിമാന്‍റല്ല നീഡാണ് പ്രധാനമെന്നാണ് മാർക്സിനെ കൂട്ടുപിടിച്ച് അദ്ദേഹം ഇടതുമുന്നണി സർക്കാരിനോട് പറയുന്നത്!.

 

How Dalit thinker and economist Prof. M. Kunjaman saw the Left in Kerala.