navakerala-sadass

നവകേരള സദസിന് മൂന്നു ലക്ഷം രൂപ അനുവദിച്ച തൃശൂർ ജില്ലാ പഞ്ചായത്ത് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. വികസന പ്രവർത്തനങ്ങൾക്കോ അടിയന്തരാവശ്യങ്ങൾക്കോ പണം അനുവദിക്കാതെ സദസിന് പണം അനുവദിചെന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് നവകേരള സദസിലേക്ക് മൂന്നു ലക്ഷം കൈമാറാൻ തീരുമാനമെടുത്തത്. ഇതിനെതിരെയാണ് കടുത്ത പ്രതിഷേധവുമായി ജില്ലാ പഞ്ചായത്തിലെ പ്രതിപക്ഷം രംഗത്തെത്തിയത്. തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ചെലവ് 21 ശതമാനം മാത്രമാണെന്നും വികസന പദ്ധതികൾക്ക് പോലും പണം അനുവദിക്കാനാവാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ ഫണ്ടനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.

സാമ്പത്തിക ബുദ്ധിമുട്ടു കാരണം വികസന പ്രവർത്തനങ്ങൾ മുടങ്ങി കിടക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തള്ളി. ജനങ്ങൾക്ക് വേണ്ടിയാണ് ജനസദസന്നും പ്രതിപക്ഷ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ. തീരുമാനത്തെ എതിർത്ത് വിയോജന കുറിപ്പെഴുതിയാണ് പ്രതിപക്ഷം യോഗത്തിൽ നിന്ന് ഇറങ്ങി പോയത്. വരുന്ന 4, 5, 6 തിയതികളിലാണ് ജില്ലയിൽ നവകേരള സദസ് നടക്കുക.