കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയത് പത്മകുമാറാണെന്ന വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ പത്മകുമാറിന്റെ ദുരൂഹജീവിതത്തെപ്പറ്റി പറഞ്ഞ് നാട്ടുകാര്‍. ആരുമായും സൗഹൃദം കാണിക്കാത്ത പ്രകൃതം. അടിമുടി നിഗൂഢത നിറഞ്ഞതാണ് ഈ കുടുംബത്തിന്‍റെ ജീവിതമെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യയോ, മകളോ ഇല്ലാതെ പത്മകുമാര്‍ യാത്ര ചെയ്യാറില്ലെന്നും നാട്ടുകാര്‍ വെളിപ്പെടുത്തുന്നു.

 

എൻജിനീയറിങ് കോളജിൽ അഡ്മിഷൻ കിട്ടുന്നത് പോലും പ്രയാസമായിരുന്നു മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അന്ന് റാങ്കോടെയായിരുന്നു പത്മകുമാറിന്റെ ബിരുദം. കമ്പ്യൂട്ടർ വിദഗ്ദനായിരുന്ന പത്മകുമാറിനു ഉയർന്ന ജോലിയിൽ പ്രവേശിക്കാമായിരുന്നെങ്കിലും അതിന് താല്‍പര്യപ്പെടാതെ ബിസിനസിലേക്ക് കടന്നു. കേബിൾ ടി.വി ശൃംഖലയുടെ  തുടക്ക കാലത്ത് ആ സാധ്യതകൾ തിരിച്ചറിഞ്ഞ് ചാത്തന്നൂരിലെ ആദ്യ കേബിൾ ടി.വി ശൃംഖല തുടങ്ങി. 

 

നിരവധിപ്പേര്‍ കേബിള്‍ രംഗത്തേക്ക് കടന്നുവരാന്‍ തുടങ്ങിയതോടെ വൻ ലാഭത്തിന് കൈവശമുണ്ടായിരുന്ന ശൃംഖല വിറ്റു. പിന്നീട് റിയൽ എസ്റ്റേറ്റ്, ബിരിയാണി കച്ചവടം, കുമ്മല്ലൂർ റോഡിൽ മത്സ്യ സ്റ്റാൾ, ചിറക്കര തെങ്ങ് വിളയിൽ ഫാം ഹൗസ്, തമിഴ്നാട്ടിൽ കൃഷി, ചാത്തന്നൂരിൽ ബേക്കറി എന്നിങ്ങനെ നിരവധി ബിസിനസുകളും നടത്തി. ഇതില്‍ കൈ പൊള്ളിയതോടെ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

 

കടുത്ത നായ പ്രേമിയായ പത്മകുമാറിന്റെ വീട്ടിൽ മുന്തിയ ഇനമടക്കം പത്തു നായ്ക്കളുണ്ട്. കുടുംബം മൃഗസ്നേഹികളാണെന്നും പ്രത്യേകിച്ച് നായ്ക്കളോട് വാല്‍സല്യമാണെന്ന് മകളും പ്രതിയുമായ അനുപമയുടെ വെബ്സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. ഇരുനില വീട്ടിനു ചുറ്റും കൂറ്റൻ മതിലും, ഗേറ്റും. കേസിലെ ദുരൂഹതകള്‍ വൈകാതെ മറനീങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

 

From businessman to prime accused in kidnap case, suspicious life of Pathmakumar