TAGS

കയ്യില്‍ പണമില്ല. തരാനുള്ള പണം സര്‍ക്കാര്‍ തരുന്നുമില്ല.  ഇതോടെ ക്രിസ്മസ് കാലത്തേക്ക് സബ്സിഡി സാധനങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കാനാകാതെ സപ്ലൈകോ. ടെന്‍ഡറിന് ശേഷം വെളിച്ചെണ്ണയ്ക്ക് നല്‍കിയ പര്‍ച്ചേസ് ഓര്‍ഡര്‍ പണം ഇല്ലാത്തതിനാല്‍ റദ്ദാക്കേണ്ടിവന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ പണം അനുവദിച്ചില്ലെങ്കില്‍ ക്രിസ്മസ് ചന്തകള്‍ പോലും തുടങ്ങാനാകില്ല.

ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ബാക്കി. സാധാരണ ഡിസംബര്‍ 15ഓടെ ക്രിസ്മസ് ചന്തകള്‍ തുടങ്ങുന്നതാണ്. ടെന്‍ഡര്‍ വിളിച്ച് 10 ദിവസത്തിനകം പര്‍ച്ചേസ് ഓഡര്‍. അതുകഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം സപ്ലൈകോയുടെ 54 ഗോഡൗണുകളില്‍ സാധനങ്ങള്‍ എത്തും. അവിടെ നിന്ന് ഒരാഴ്ചയ്ക്കകം ഔട്ടലറ്റുകളിലേക്കും ചന്തകളിലേക്കും. എല്ലാം കൂടെ ഒരു മാസത്തെ സമയം വേണം. പക്ഷെ ഇതുവരെ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞമാസം 14ന് വിളിച്ച ടെന്‍ഡറില്‍ ഒരു വിതരണക്കാരനും പങ്കെടുത്തില്ല. കാരണം 740 കോടിയോളം രൂപ വിതരണക്കാര്‍ക്ക് സ്പ്ലൈകോ നല്‍കാനുണ്ട്. ഇതില്‍  കുറച്ചെങ്കിലും നല്‍കാതെ സാധനങ്ങള്‍ നല്‍കാനാകില്ലെന്ന് വിതരണക്കാര്‍. 

ടെന്‍ഡര്‍ നടപടികള്‍ക്ക് ശേഷം വെളിച്ചെണ്ണക്കായി നല്‍കിയ പര്‍ച്ചേസ് ഓര്‍ഡര്‍ റദ്ദാക്കിയതിന്‍റെ ഉത്തരവാണിത്. കുടിശ്ശികയുള്ള നൂറ് കോടിയില്‍ കുറച്ചെങ്കിലും നല്‍കിയാലേ സാധനം നല്‍കാനാകൂ എന്ന് കരാറുകാര്‍ സപ്ലൈകോ ചെയര്‍മാനെ നേരിട്ട് അറിയിച്ചു. തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ നവംബര്‍ മാസത്തെ പര്‍ച്ചേസ് ഓര്‍ഡര്‍ സപ്ലൈകോ റദ്ദാക്കിയത്. സബ്സിഡി വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള 750 കോടിയില്‍ അഞ്ഞൂറ് കോടിയെങ്കിലും ഒരാഴ്ചയ്ക്കകം നല്‍കിയാല്‍ വിതരണക്കാരുടെ കുടിശ്ശിക കുറച്ചെങ്കിലും കൊടുത്ത് സാധനങ്ങള്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോയും ഭക്ഷ്യവകുപ്പും.

ഇല്ലെങ്കില്‍ ക്രിസ്മസ് ചന്തകള്‍ ഇത്തവണ ഉണ്ടാകില്ല. ഔട്ടലറ്റുകളിലും സബ്സിഡി സാധനങ്ങള്‍ കാലിയായിരിക്കും. ക്രിസ്മസ് കാലത്ത് ജനത്തെ കാത്തിരിക്കുന്ന വലിയ വിലക്കയറ്റമായിരിക്കും. നവകേരളം നിര്‍മിക്കാന്‍ യാത്ര നടത്തുന്ന ഭക്ഷ്യ മന്ത്രിയും ധനമന്ത്രിയുമൊക്കെ ഇതോര്‍ത്താല്‍ നന്ന്.