ഐ.സി.യു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിന്‍റെ പേരില്‍ സ്ഥലം മാറ്റിയതിനെതിരെ കോടതിയെ സമീപിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ സീനിയര്‍ നഴ്സിങ് ഓഫീസര്‍. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിനും പരാതി നല്‍കി. സ്ഥലം മാറ്റം റദ്ദാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം തുടങ്ങുമെന്നാണ് കേരള ഗവണ്‍മെന്‍റ് നഴ്സസ് യൂണിയന്‍റെ മുന്നറിയിപ്പ്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ നഴ്സിങ് ഓഫീസറായ പി.ബി.അനിതയെ കഴിഞ്ഞദിവസമാണ് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത്. നിരുത്തരവാദപരമായ സമീപനം, പരസ്പര വിശ്വാസമില്ലാത്ത പ്രവര്‍ത്തനം, ഏകോപനമില്ലായ്മ എന്നീ വീഴ്ചകള്‍ കണ്ടെത്തിയെന്നപേരിലാണ് നടപടി. എന്നാല്‍ രോഗിയുടെ പരാതി റിപ്പോര്‍ട്ട്ചെയ്യുകയെന്ന ഉത്തരവാദിത്തമാണ് താന്‍ നിര്‍വഹിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് അനിത കോടതിയെ സമീപിക്കുന്നത്. നിയമനടപടിക്ക് കേരള ഗവണ്‍മെന്‍റ് നഴ്സസ് യൂണിയന്‍ പിന്തുണ പ്രഖ്യാപിച്ചു.
തന്നെപിന്തുണച്ചതിന്‍റെ പേരിലുള്ള സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയും പ്രിന്‍സിപ്പലിന് പരാതി നല്‍കി. ഇല്ലെങ്കില്‍ സമരം തുടങ്ങാനാണ് അതിജീവിതയുടെ തീരുമാനം. ലൈംഗികാതിക്രമം നടത്തിയ അറ്റന്‍ഡര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയെ അഞ്ച് വനിത ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയത് അനിതയാണ് നഴ്സിങ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചുപേരെയും കഴിഞ്ഞയാഴ്ച സ്ഥലം മാറ്റിയിരുന്നു. പിന്നാലെ അനിതയെയും സ്ഥലംമാറ്റിയത്
പ്രതികാര നടപടിയാണെന്ന ആക്ഷേപം ശക്തമാണ്. എന്‍ജിഓ യൂണിയന്‍ നേതാവ് ഭീഷണിപ്പെടുത്തിയെന്ന അനിതയുടെ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായിട്ടുമില്ല.