തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ അണിനിരത്തി സര്‍ക്കാരിനെതിരെ മുസ്‍ലിം ലീഗ് പ്രതിഷേധത്തിന്. തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ജനുവരിയില്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കാനാണ് നീക്കം. ഇതിന്‍റെ ഭാഗമായി ലീഗ് ജനപ്രതിനിധികളുടെ യോഗം കോഴിക്കോട്ട് ചേര്‍ന്നു
സംസ്ഥാനത്താകെ ലീഗ് ഭരിക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ തലപ്പത്തിരിക്കുന്നവരെ അണിനിരത്തിയാണ് ലീഗ് യോഗം ചേര്‍ന്നത്.. ജനുവരി ആദ്യ വാരത്തില്‍ തന്നെ ലീഗിന്‍റെ എല്ലാ ജനപ്രതിനിധികളെയും തിരുവനന്തപുരത്തെത്തിച്ച് സെക്രട്ടേറിയറ്റ് ഉപരോധം തീര്‍ക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പദ്ധതി വിഹിതം വെട്ടിച്ചുരുക്കിയതടക്കം തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ് സര്‍ക്കാരെന്നാണ് ലീഗ് ആരോപണം.. കേന്ദ്രം ഫണ്ട് തരാത്തതിന് വിമര്‍ശിക്കുന്ന പിണറായി സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പണം നല്‍കുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം കുറ്റപ്പെടുത്തി.
കോഴിക്കോട് നടന്ന യോഗത്തില്‍ ലോക്കല്‍ ഗവണ്‍മെന്‍റ് ലീഗ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇസ്മായില്‍ പൂക്കോട്ടൂരാണ് സംസ്ഥാന പ്രസിഡന്‍റ്. പി.കെ ഷറഫുദ്ദീന്‍ ജനറല്‍ സെക്രട്ടറിയും, സി മുഹമ്മദ് ബഷീര്‍ ട്രഷററുമായും തിരഞ്ഞെടുക്കപ്പെട്ടു