TAGS

പുറത്താക്കാനുള്ള തീരുമാനം അറിയിച്ചിട്ടില്ലെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും സിപിഐ പത്തനംതിട്ട ജില്ലാസെക്രട്ടറി എ.പി.ജയന്‍. നടപടി ഉണ്ടെങ്കില്‍ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മിഷന് പരാതി നല്‍കുമെന്നും ജയന്‍ പറഞ്ഞു. നടപടിയില്‍ പ്രതിഷേധിച്ച് പെരിങ്ങനാട് ലോക്കല്‍കമ്മിറ്റി അംഗങ്ങള്‍ രാജിവച്ചിരുന്നു. അതേസമയം ബി.ഡി.ജെ.എസ് ജില്ലാ നേതാക്കള്‍ എ.പി.ജയനെ സന്ദര്‍ശിച്ചു. 

അച്ചടക്ക നടപടിയുണ്ടെങ്കില്‍ അത് പാര്‍ട്ടി ഭരണ ഘടന പാലിക്കാതെയാണ്. പാര്‍ട്ടി നടപടിയുണ്ടെങ്കില്‍ എങ്ങനെ അത് വാര്‍ത്തയായെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കവരെക്കുറിച്ച് തുറന്നു പറയുമെന്നും എ.പി.ജയന്‍ പറഞ്ഞു. പരാതിക്കാരിക്കും തിരിച്ചറിവ് ഉണ്ടാകും. നിലപാടില്‍ ഉറച്ച് മുന്നോട്ടു പോകുമെന്നും ചെങ്കൊടി പുതച്ചു തന്നെ മരിക്കുമെന്നും എ.പി.ജയന്‍ പറഞ്ഞു. ഫാമിനെ സംബന്ധിച്ചകാര്യങ്ങള്‍ വിശദീകരിച്ചതാണ്. അറിയിപ്പു ലഭിച്ച ശേഷം തുടര്‍നടപടിയിലേക്ക് നീങ്ങും.

എ.പി.ജയനെ മാറ്റിയതിൽ പ്രതിഷേധിച്ച് സിപിഐ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങള്‍ ഇന്നലെ രാത്രി രാജി വച്ചിരുന്നു. എ.പി.ജയൻ താമസിക്കുന്ന സ്ഥലത്തെ ലോക്കൽ കമ്മിറ്റിയാണിത്. 17 ബ്രാഞ്ച് കമ്മിറ്റിയും നാനൂറോളം അംഗങ്ങളുമുള്ള ജില്ലയിലെ എറ്റവും വലിയ ലോക്കൽ കമ്മിറ്റിയാണ് പെരിങ്ങനാട്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനിലെ  സിപിഐ അംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് എ.പി.ജയനെതിരെ പരാതി നല്‍കിയത്. ഏകാംഗ കമ്മിഷനും, മൂന്നംഗകമ്മിഷനും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് നടപടി.

AP Jayan said that there is a conspiracy behind the complaint