ഇടക്കാല ഉത്തരവുണ്ടായിട്ടും നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവകരമെന്ന് ഹൈക്കോടതി. വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണ്. ഇത്രയും ചെറുപ്പത്തിൽ മനസുകളിലേക്ക്  അത് കുത്തിവക്കണ്ടെന്നും കോടതി വിമർശിച്ചു.

നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കരുതെന്ന് ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും അത് ലംഘിക്കപ്പെട്ടതാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് കാരണമായത്. ഉത്തരവുണ്ടായിട്ടും  വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നത് ഗൗരവകരമാണ്. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഇത്രയും ചെറുപ്പത്തിൽ മനസുകളിലേക്ക്  രാഷ്ട്രീയം കുത്തിവക്കണ്ട. എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിക്കോളും. അക്കാദമിക് കരിക്കുലത്തിൽ ദിവസേന മാറ്റം വരുത്താൻ കഴിയുമോ എന്നും കോടതി ചോദിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഉപഹർജിയാണ് കോടതി പരിഗണിച്ചത്. വിഷയത്തിൽ സർക്കാർ ഇതുവരെ എടുത്ത നടപടികൾ വിശദീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും.

ഞായറാഴ്ച മലപ്പുറത്ത് നവകേരള ബസ് കടന്നുപോകുമ്പോൾ വിദ്യാർഥികളെ റോഡിൽ അണിനിരത്തിയ ദൃശ്യങ്ങളടക്കമായിരുന്നു പി.കെ.നവാസ് ഉപഹർജി സമർപ്പിച്ചത്. വിദ്യാർഥികളെ കാഴ്ചവസ്തുക്കളാക്കരുതെന്ന് കഴിഞ്ഞതവണ ഹർജി പരിഗണിക്കവെ കോടതി വിമർശിച്ചിരുന്നു.

High court about participation of students in navakerala