കോര്‍പറേഷന്‍റെ കെടുകാര്യസ്ഥതയില്‍ വെള്ളപ്പൊക്കം തുടര്‍ക്കഥയായ തിരുവനന്തപുരം ഗൗരീശപട്ടത്ത് ഗതികെട്ട് വീട് ജാക്കിവച്ച് ഉയര്‍ത്തുന്നു. കമലേശ്വരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സതീശ് ഗോപിയുടെ വീടാണ് ജാക്കി ഉപയോഗിച്ച് മൂന്നടിയോളം ഉയര്‍ത്തുന്നത്. 25 ലക്ഷം രൂപയാണ് ചെലവ്.
ഒന്നരമാസത്തിനിടെ രണ്ട് വെള്ളപ്പൊക്കം. വീട്ടുപകരണങ്ങള്‍ നശിച്ചുണ്ടായത് മൂന്നുലക്ഷം രൂപയുടെ നഷ്ടം. നല്ലൊരുമഴ പെയ്താല്‍ വീണ്ടും വെള്ളം കയറാം. ഗത്യന്തരമില്ലാതെയാണ് സതീശ് ഗോപി തന്‍റെ വീട് ഉയര്‍ത്താന്‍ തീരുമാനിച്ചത്.
യു.പിയിലുള്ള കമ്പനിയെ ജോലി ഏല്‍പ്പിച്ചു. ആദ്യ ഘട്ടത്തിലെ ജാക്കികള്‍ സ്ഥാപിച്ചു കഴിഞ്ഞു. ആകെ 160 ജാക്കികള്‍. ചതുരശ്രയടിക്ക് 250 രൂപയാണ് ചെലവ്. രണ്ടായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് ഉയര്‍ത്തിക്കഴിയുമ്പോള്‍ കമ്പനിക്ക് അഞ്ചുലക്ഷം നല്‍കണം. പിന്നെയും 20 ലക്ഷം കൂടി മുടക്കേണ്ടി വരും. സമീപത്തുള്ള വീട്ടുകാരും ഇപ്പോള്‍ വീടുയര്‍ത്താന്‍ ആലോചിക്കുന്നു. കോര്‍പറേഷന്‍ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷ ജനത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്.
House lifting with jacks in trivandrum