ganeshkumarabigel-28

കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും കണ്ടെത്തിയ അബീഗേല്‍ സാറ സുരക്ഷിതയാണെന്നും കുഞ്ഞിന്‍റെ അച്ഛന്‍ ഒപ്പമുണ്ടെന്നും പത്തനാപുരം എം.എല്‍.എ കെ.ബി.ഗണേഷ്കുമാര്‍. ചോദ്യങ്ങള്‍ക്കെല്ലാം കുഞ്ഞ് ഉത്തരം നല്‍കിയെന്നും സന്തോഷത്തോടെ ഉമ്മ തന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  അമ്മയെ കാണാത്തതിനാല്‍ ഭയന്ന് ഇന്നലെ രാത്രിയില്‍ കുഞ്ഞ് ഉറങ്ങിയിട്ടില്ലെന്നും അതിന്‍റേതായ ക്ഷീണമുണ്ടെന്നും ഗണേഷ്കുമാര്‍ വെളിപ്പെടുത്തി. വിശദമായ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും കുഞ്ഞ് സൗഖ്യമായി ഇരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അതേസമയം കുറ്റവാളികള്‍ എത്ര പേരുണ്ടെങ്കിലും പിടികൂടുമെന്നും ഇന്നലെ പറഞ്ഞത് പോലെ പൊലീസ് പിടിക്കും അല്ലെങ്കില്‍ നാട്ടുകാര്‍ പിടികൂടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സംസ്ഥാന പൊലീസിന്‍റെ പ്രവര്‍ത്തനത്തെ ശ്ലാഘിച്ച അദ്ദേഹം പൊലീസിന്‍റെ പ്രവര്‍ത്തനത്തില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇന്നലെ കൊല്ലം ജില്ലയിലെ ഒരു പൊലീസുകാരനും , എഡിജിപി ഉള്‍പ്പടെ ഉറങ്ങിയിട്ടില്ലെന്നും 20 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് കുറ്റവാളിയില്‍ സമ്മര്‍ദമുണ്ടാക്കി കുഞ്ഞിനെ മോചിപ്പിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. റ്റവാളികളെ പൊലീസ് വളഞ്ഞിരിക്കുകയാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നതും സഹായകരമായെന്നും ഗണേഷ് കുമാര്‍ വെളിപ്പെടുത്തി.

 

പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊല്ലം ആശ്രാമം മൈതാനത്തില്‍ വിശ്രമിക്കാനെത്തിയ വിദ്യാര്‍ഥിനികളാണ് അബീഗേലിനെ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ ഉപേക്ഷിച്ച് മടങ്ങുന്നത് കണ്ടത്. കുട്ടി തനിച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിയ വിദ്യാര്‍ഥിനികള്‍ ഫോണിലെ ചിത്രം പരിശോധിച്ച് അബീഗേല്‍ ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം സമീപത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതോടെ പൊലീസെത്തി കുഞ്ഞിനെ എആര്‍ ക്യാംപിലേക്ക് മാറ്റുകയായിരുന്നു. 

 

20മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമെന്ന് അബീഗേലിന്‍റെ കുടുംബം പ്രതികരിച്ചു. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ അബീഗേലിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.

 

Abigel is safe ,with her father, says KB Ganesh Kumar