സംസ്ഥാനമൊട്ടാകെ കുഞ്ഞിനെ കണ്ടെത്താൻ പൊലീസ് വലവിരിച്ചെങ്കിലും അതിസമര്‍ഥമായി എല്ലാവരുടെയും കണ്ണുവെട്ടിച്ചാണ് പ്രതികളിൽ ഒരാളായ യുവതി കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്. നടപ്പാതയിലെ ഇരിപ്പിടത്തിൽ തനിച്ചിരിക്കുന്ന കുട്ടിയെ കൊല്ലം എസ്എൻ കോളജിലെ വിദ്യാർഥിനികളാണ് ആദ്യം കാണുന്നത്. കർശന പൊലീസ് പരിശോധനകൾക്കിടയിലും യുവതി കുഞ്ഞുമായി എങ്ങനെ ആശ്രമം മൈതാനത്ത് എത്തി എന്നതാണ് ചോദ്യമാകുന്നത്. ഒരു വീട്ടിലാണ് കഴിഞ്ഞ രാത്രിയിൽ താമസിച്ചത് എന്നാണ് കുഞ്ഞ് എല്ലാവരോടും പറയുന്നത്.
ഇന്നലെ വൈകിട്ട് മുതൽ വെള്ള സ്വിഫ്റ്റ് കാറിനായും , ഓട്ടോറിക്ഷയ്ക്കായും പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും യാതൊരു അന്വേഷണ പുരോഗതിയും ഉണ്ടായില്ല. കാറിന്റെ നമ്പർ പോലും തിരിച്ചറിയാൻ കഴിയാതെ പൊലീസ് വട്ടം കറങ്ങി. കുഞ്ഞ് എവിടെയെന്ന പൊതുസമൂഹത്തിന്റെ ആശങ്ക തുടരുമ്പോഴാണ് ഉച്ചയോടെ സദ് വാർത്ത ലോകമറിഞ്ഞത്. പരീക്ഷ കഴിഞ്ഞ് ആശ്രാമം മൈതാനത്തേക്ക് എത്തിയ കൊല്ലം എസ് എൻ കോളേജിലെ ബികോം മൂന്നാം വർഷ വിദ്യാർഥിനികളാണ് തനിച്ചിരിക്കുന്ന കുട്ടിയെ കാണുന്നത്. ഒപ്പം ഉണ്ടായിരുന്ന ഒരു യുവതി നടന്നുപോയതായും ഇവർ കണ്ടു. കഴിഞ്ഞ രാത്രിയിൽ ഒരു വീട്ടിലാണ് താമസിച്ചത് എന്നാണ് കുഞ്ഞ് പറഞ്ഞത്.
ആശ്രാമം ലിങ്ക് റോഡിന് സമീപത്ത് വച്ച് ഓട്ടോറിക്ഷയിൽ കയറിയാണ് യുവതിയും കുഞ്ഞും മൈതാനത്തേക്ക് എത്തിയത്. ഈ വിവരം പൊലീസിനെ അറിയിച്ചത് ഓട്ടോറിക്ഷ ഡ്രൈവർ സജീവൻ ആയിരുന്നു. ആശ്രാമത്ത് വച്ച് അബിഗേൽ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചു. പരവൂർ സ്വദേശിയായ ആനന്ദാണ് കുഞ്ഞിൻറെ മാതാപിതാക്കളെ മൊബൈൽ ഫോണിൽ വിളിച്ചത്. വ്യാപക പരിശോധന നടക്കുന്നതിന്റെ സമ്മർദത്തിൽ കുഞ്ഞിനെ പാതയോരത്ത് ഉപേക്ഷിക്കുക എന്നതായിരുന്നു പ്രതികൾ സ്വീകരിച്ച രീതി. പൊതുസമൂഹത്തിന്റെ ജാഗ്രതയാണ് കുഞ്ഞിനെ കണ്ടെത്തുന്നതിലേക്ക് എത്തിയത്. ഇനി പ്രതികൾ ആരെന്ന ചോദ്യത്തിന് വൈകാതെ ഉത്തരം നൽകേണ്ടത് പൊലീസ് തന്നെയാണ്
Abigail sara reji found in kollam