കാട്ടുമൃഗങ്ങളെ കണ്ട് പോകാന്‍ കഴിയുന്ന കാനനപാതയാണ് പുല്ലുമേട് വഴിയുള്ളത്. ദൂരസ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ പോലും ഇടുക്കി വണ്ടിപ്പെരിയാറിലെത്തി പുല്ലുമേടുവഴി ശബരി സന്നിധാനത്തേക്ക് പോകുന്നുണ്ട്. കാടിന്‍റെ സൗന്ദര്യമാണ് ഇതിന് പ്രേരിപ്പിക്കുന്നതെന്ന് തീര്‍ഥാടകര്‍ പറയുന്നു.
പുല്ലുമേട്ടിലാണ് കാട്ടുപോത്ത്, ആന, മ്ലാവ് തുടങ്ങി കാട്ടുമൃഗങ്ങളെ കാണുന്നത്. ഈ യാത്രയില്‍ മലയില്‍ മേയുന്ന കാട്ടുപോത്തുകളെയാണ്കണ്ടത്. പുല്ലുമേട് കഴിഞ്ഞാല്‍ കുത്തിറക്കമാണ്. ഇവിടെ നിന്നാല്‍ ശബരിമല സന്നിധാനവും പൊന്നമ്പലമേടും കാണാം. പുല്ലുമേട് കഴിഞ്ഞാല്‍ കുത്തിറക്കം, പാറക്കെട്ടുകള്‍. കയറ്റങ്ങള്‍ ഇങ്ങനെ നീണ്ടു കിടക്കുന്ന വഴിയാണ് .വഴിയില്‍ കാട്ടാനയും, കടുവയും, കാട്ടുപന്നിയുമൊക്കെ കടന്നു പോയതിന്‍റെ അടയാളങ്ങള്‍ കാണാം. പുല്ലുമേട് കഴിഞ്ഞാല്‍ കഴുതക്കുഴിയിലാണ് ഫോറസ്റ്റ് ക്യാമ്പ്. മുന്‍പ് അവശരായ കഴുതകളെ ഉപേക്ഷിച്ചിരുന്ന സ്ഥലമെന്നാണ് പറയുന്നത്. സോളര്‍, വേലിയും ഏറുമാടവുമായാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സ്ഥിരം ക്യാമ്പ്. പുല്ലുമേട് കഴിഞ്ഞാല്‍ കുടിവെള്ളം ഇവിടെയേ ഉള്ളു.
ഇവിടെ പിന്നിട്ടാല്‍ ഒരുവശം അഗാധമായ കൊക്കയുടെ അരികില്‍കൂടിയുള്ള പാത. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍. കാടിന്‍റെ ഭംഗിയാണ് തീര്‍ഥാടകരെ ദുര്‍ഘടമായ കാനനപാത തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. കല്ലുംമുള്ളും കാലുക്കുമെത്തയെന്ന ശരണം വിളി അറിയാന്‍ കാനനപാതവഴി വരണമെന്ന് തീര്‍ഥാടകര്‍ പറയുന്നു. സത്രത്തില്‍ നിന്ന് 16 കിലോമീറ്ററാണ് സന്നിധാനം വരെ. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം തീര്‍ഥാടകരെ കടത്തി വിടില്ല. പന്ത്രണ്ട് മണിക്ക് കയറുന്ന തീര്‍ഥാടകര്‍ വിശ്രമിച്ച് കാടിറങ്ങി വരുമ്പോഴേക്കും ഇരുട്ടും. ആദ്യം കയറുന്ന സംഘത്തേയും അവസാനം ഇറങ്ങുന്ന സംഘത്തേയും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അനുഗമിക്കും.
Sathram pulmedu route to sabarimala