minister-balagopal-pension

നവകേരള സദസിലേയ്ക്ക് ക്ഷണിച്ച ധനമന്ത്രി കെ.എൻ ബാലഗോപാലിനെ പരാതികള്‍ കൊണ്ട് പൊതിഞ്ഞ്, ചോദ്യം ചെയ്ത് കോഴിക്കോട് ഓമശ്ശേരിയിലെ പെന്‍ഷന്‍ കലക്ഷന്‍ ഏജന്റുമാരായ ഒരുകൂട്ടം വീട്ടമ്മമാര്‍. നവകേരള സദസിലേക്ക് വരുന്നില്ലേ എന്ന ചോദ്യത്തിന് മന്ത്രി പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല മന്ത്രിക്ക് ലഭിച്ചത്. പെൻഷൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട കമ്മീഷന്‍ മുടങ്ങിക്കിടക്കുകയാണെന്ന്  വീട്ടമ്മമാര്‍ ചൂണ്ടിക്കാട്ടി. വീടുകളിൽ പെൻഷൻ വിതരണം ചെയ്യുന്ന കലക്ഷൻ ഏജന്റുമാരാണ് കമ്മീഷൻ വെട്ടിക്കുറച്ചതിനെതിരെ മന്ത്രിയോട് നേരിട്ട് പ്രതിഷേധിച്ചത്.  കലക്ഷൻ ഏജന്റുമാരുടെ കമ്മിഷൻ 40 രൂപയിൽ നിന്ന് 25 ആക്കി കുറച്ചതിലും രോഷത്തിലായിരുന്നു വീട്ടമ്മമാര്‍.  

ഞങ്ങളെ അങ്ങോട്ട് കയറ്റുന്നില്ല, അതുകൊണ്ടാണ് ഇവിടെ കാത്തുനിന്നത് എന്നുപറഞ്ഞായിരുന്നു തുടക്കം. മതിലിനപ്പുറം അടുത്തേക്ക് നടന്നെത്തിയ മന്ത്രിയോട് പിന്നാലെ ആവലാതികളുടെ കെട്ടഴിക്കുകയായിരുന്നു. ഏഴുമണി മുതല്‍ കാത്തുനില്‍ക്കുകയാണെന്ന് പറ‍ഞ്ഞ വീട്ടമ്മമാര്‍ മുടങ്ങിക്കിടക്കുന്ന കമ്മീഷന്‍ ലഭിക്കാത്തതിന്‍റെ കാരണം മന്ത്രിയോട് ചോദിച്ചു. രണ്ട് മൂന്നു മാസം സമയമെടുത്തേക്കാമെന്ന് പറ‍ഞ്ഞ മന്ത്രിയോട് 2021 നവംബര്‍ മുതലുളള കമ്മീഷന്‍ ലഭിക്കാനുണ്ടെന്ന് മറുപടി നല്‍കി.  നിങ്ങളുടേത് പ്രത്യേക കേസായിരിക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.  തനിക്ക് മാത്രമല്ല ഓമശേരിയിലെ ഏജന്‍റുമാര്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ലെന്നും കൊടുവളളിയില്‍ നിവേദനം കൊടുത്തിട്ടും നടപടിയൊന്നും കണ്ടില്ലെന്നും  പറഞ്ഞതോടെ  മറുപടി പറയാന്‍ കഴിയാതെ മന്ത്രി മടങ്ങുകയായിരുന്നു. മന്ത്രിയുമായി സംസാരിച്ചില്ലേ, സന്തോഷമായില്ലേ എന്നായിരുന്നു ഒപ്പമുള്ള നേതാവിന്റെ സമാശ്വസിപ്പിക്കല്‍.  

അതേസമയം നവകേരള സദസ് ഇന്ന് മുതൽ മലപ്പുറം ജില്ലയിൽ പര്യടനം നടത്തും. രാവിലെ ഒമ്പത് മണിക്ക് തിരൂരിലായിരുന്നു പ്രഭാത യോഗം. പൊന്നാനി മണ്ഡലത്തിലാണ് ആദ്യ പരിപാടി. വൈകിട്ട് മൂന്ന് മണിക്ക് തവനൂരിലും നാലരയ്ക്ക് തിരൂര്‍ മണ്ഡലത്തിലും നവകേരള സദസ് നടക്കും.  നവകേരള സദസിനോടനുബന്ധിച്ച് മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.