പറവൂർ നഗരസഭക്ക് പിറകെ യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിലും നവകേരള ഫണ്ടിന്റെ പേരിൽ ഭരണ സമിതിയും നഗരസഭ സെക്രട്ടറിയും തമ്മിൽ തർക്കം. കൗൺസിൽ തീരുമാനം ഇല്ലാതെ ഫണ്ട് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ചെയർപേഴ്സൺ സെക്രട്ടറിക്ക് കത്ത് നൽകി. സർക്കാർ ഉത്തരവുള്ളതിനാൽ സെക്രട്ടറിക്ക് ഫണ്ട് കൈമാറാൻ അധികാരം ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ഡിസംബര്‍ 9ന് രാവിലെ 11 മണിക്ക് കാക്കനാട് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ്. ഇതുമായി ബന്ധപ്പെട്ട ചെലവിലേക്ക് പണം ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയത്. പാർട്ടി നിർദേശം ലംഘിച്ചു നവകേരള സദസ്സിന് പണം നൽകേണ്ടന്നു തന്നെയാണ് യുഡിഎഫ് ഭരണ സമിതിയുടെ തീരുമാനം. പണം നല്കരുതെന്ന് നഗരസഭ അധ്യക്ഷ സെക്രട്ടറിക്ക് ഇന്നലെ രേഖാമൂലം നിർദേശവും നൽകി.
എന്നാൽ കൗൺസിൽ തീരുമാനം കാക്കാതെ തുക നൽകാനാണ് സെക്രട്ടറിയുടെ നീക്കം. ഇതിന് എൽ ഡി എഫ് പിന്തുണയുമുണ്ട് കൗൺസിൽ തീരുമാനം ഇല്ലാതെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിക്കാൻ നഗരസഭ സെക്രട്ടറിമാർക്ക് അധികാരം ഇല്ല.ഇത്തരത്തിലൊരു പ്രത്യേക ഉത്തരവ് സർക്കാർ ഇറക്കിയാൽ അതിന് നിയമസാധുതയും ഉണ്ടാകില്ലെന്നും ഭരണസമിതി വ്യക്തമാക്കുന്നു . സെക്രട്ടറി ഫണ്ട് കൈമാറിയാൽ അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് യൂ ഡി എഫ് തീരുമാനം.