kanamwb

പ്രമേഹരോഗവും അണുബാധയും രൂക്ഷമായതിനെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കാല്‍പാദം മുറിച്ചുമാറ്റി. രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നേതാവ് ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം സജീവമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കാനത്തിന്റെ ചികിത്സ. 

ഇടതുകാലിന് നേരത്തേ വന്ന ഒരു അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ വഷളാക്കി. 2 മാസത്തോളം ഉണങ്ങാതെ വന്നതോടെയാണ് കാനം ആശുപത്രിയിലെത്തിയത്.  അപ്പോഴേക്കും പഴുപ്പ് കാലില്‍ മുകളിലേക്ക് കയറി. രണ്ടു വിരലുകള്‍ മുറിച്ചു കളയണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓപ്പറേഷന്‍ സമയത്ത് മൂന്നു വിരലുകള്‍ മുറിച്ചു, എന്നിട്ടും പഴുപ്പ് കുറഞ്ഞില്ല. ഒടുവിലാണ് പാദം തന്നെ മുറിച്ചു കളയേണ്ടി വന്നതെന്ന് കാനം മലയാള മനോരമയോട് പറഞ്ഞു. 

താനാദ്യം ഇത് കാര്യമാക്കിയിരുന്നില്ലെന്നും പെട്ടെന്നാണ് അണുബാധ കയറിയതെന്നും കാനം പറഞ്ഞു. വേദന ഉണ്ട്, പക്ഷേ കുറയുന്നുണ്ട്. അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൃത്രിമ പാദം വയ്ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ടു മാസത്തിനുള്ളിൽ അതു ചെയ്യാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.മൂന്നു മാസത്തെ അവധിക്കുള്ള അപേക്ഷ പാർട്ടിക്ക് നൽകി. 30ന് ചേരുന്ന സംസ്ഥാന നിർവാഹകസമിതി യോഗം അതു പരിഗണിക്കും. 

സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയില്ല,  അവധി എടുക്കുന്ന സമയത്ത് ഒരു പകരം സംവിധാനം പാർട്ടി ആലോചിക്കും. അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും പി.പി.സുനീറും ഉണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഇക്കാലയളവിൽ കേരളത്തിൽ കൂടുതലായി ശ്രദ്ധിക്കേണ്ടിവരും. ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ സേവനവും ലഭിക്കും. കൂട്ടായി  മുന്നോട്ടുപോകാൻ കഴിയുമെന്നും കാനം പ്രതീക്ഷ പങ്കുവെച്ചു. മലയാള മനോരമ പ്രതിനിധി സുജിത് നായരുമായി സംസാരിക്കുകയായിരുന്നു കാനം. 

 

CPI State secretary Kanam Rajendran’s one feet has amputated due to diabetes