rain

 

ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ പത്തനംതിട്ടയിലും ഇടുക്കിയിലും വ്യാപക നാശം. പത്തനംതിട്ട ഇലന്തൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടി. കോന്നി - കൊക്കത്തോട് റോഡിൻറെ ഒരു ഭാഗം ഒലിച്ചു പോയി. പലയിടത്തും കൃഷി നശിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ജില്ലാ കലക്ടർമാർ ജാഗ്രത നിർദ്ദേശം പുറത്തിറക്കി. 

ഇന്നലെ രാവിലെ മുതൽ തുടങ്ങിയ മഴ വൈകിട്ടോടെയാണ് ശക്തി പ്രാപിച്ചത്. ശക്തമായ കുത്തൊഴുക്കിൽ കോന്നി - കൊക്കാത്തോട് റോഡിന്റെ ഒരു ഭാഗം ഒലിച്ചു പോയി. നാരങ്ങാനം മഞ്ഞപ്രയിൽ തോട്ടിലെ ഒഴുക്കിൽ കാണാതായ 71 വയസുകാരി സുധർമയെ കണ്ടെത്താനായില്ല. തിരുവല്ല കടപ്രയിൽ പാടത്ത് മടവീണു. കൊക്കത്തോട് ഒരേക്കറിൽ മണ്ണിടിഞ്ഞ് ഒരു വീട് പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു.

ഇലന്തൂർ കൊട്ടതട്ടി മലയിലും ചെന്നീർക്കരയിലും ഉരുൾപൊട്ടി. പൊന്മുടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതവും ഒരു ഷട്ടർ 10 സെന്റിമീറ്ററും ഉയർത്തി. അവധിയിലുള്ള റവന്യൂ ഉദ്യോഗസ്ഥർ ജോലിയിൽ തിരികെ കയറണമെന്ന് മന്ത്രി കെ.രാജൻ നിർദേശം നൽകി. മഴ ശമിച്ചെങ്കിലും മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തി ജില്ലയിൽ ജാഗ്രത തുടരുകയാണ്.

Rain kerala updates