youth-congress-idukki-211123

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലെ വ്യാജ രേഖ ആരോപണം ഇടുക്കി ജില്ലയിൽ നിയമ യുദ്ധത്തിലേക്ക്. സംഘടന തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ രംഗത്തെത്തി. അടിമാലി മണ്ഡലം പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട എൽദോ പൗലോസ് പ്രായം തിരുത്തി തിരഞ്ഞെടുപ്പിൽ മത്സരിച്ചെന്നാരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എതിർ സ്ഥാനാർഥി ടി.അർ. രാജേഷ്.

 

അന്തരിച്ച പി.ടി തോമസിന്‍റെയും റോയി കെ. പൗലോസിന്‍റെയും പേരിലാണ് യുത്ത് കോൺഗ്രസിൽ ചേരിതിരിഞ്ഞ് പോര്. സംഘടന തിരഞ്ഞെടുപ്പിൽ തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിയായ പെൺകുട്ടിയുടെ പേരിൽ വ്യാജ വോട്ടർ ഐഡി ഉണ്ടാക്കി വോട്ട് രേഖപ്പെടുത്തിയെന്നാണ് പി.ടി. തോമസിനോട് അനുഭാവം പുലർത്തുന്ന വിഭാഗത്തിന്‍റെ ആരോപണം. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായി വിജയിച്ച ഷാനു ഷാഹുലാണ് ആരോപണം ഉന്നയിച്ചത്.

 

അടിമാലി മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എൽദോ പൗലോസ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനനത്തീയതി തിരുത്തിയെന്നാണ് റോയ് കെ പൗലോസിനൊപ്പമുള്ള എതിർ വിഭാഗം തിരിച്ചടിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള പ്രായം 35 വയസെന്നിരിക്കെ ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകളിൽ എൽദോയുടെ പ്രായം 37. ഇത് 35 ആക്കി മാറ്റിയെന്നാണ് എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ടി.അ.ർ രാജേഷിന്‍റെ ആരോപണം.

 

എൽദോയുടെ വിജയം തടയണമെന്നാവശ്യപ്പെട്ട് രാജേഷ് അടിമാലി കോടതിയിൽ പരാതി നൽകും. ഇടുക്കിയിലെ യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകർ വ്യാപകമായി വോട്ട് ചെയ്തത് മുൻപ് വിവാദമായിരുന്നു.

 

Allegation of forged documents in the Youth Congress election has led to a legal battle in Idukki district.